രോഹിത് ശർമ 94 പന്തിൽ 155, വിരാട് കോലി 101 പന്തിൽ 131; സൂപ്പർ താരങ്ങൾ എന്ന സുമ്മാവാ..! മുംബൈയ്ക്കും ഡൽഹിക്കും വിജയം

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: December 24, 2025 10:57 PM IST

1 minute Read

വിരാട് കോലി വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ (X/@Iam_viratian_18),  മുംബൈയ്‌ക്കു വേണ്ടി രോഹിത് ശർമയുടെ ബാറ്റിങ്. (X/@akshhhuuu)
വിരാട് കോലി വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ (X/@Iam_viratian_18), മുംബൈയ്‌ക്കു വേണ്ടി രോഹിത് ശർമയുടെ ബാറ്റിങ്. (X/@akshhhuuu)

ബെംഗളൂരു/ജയ്‌പുർ ∙ വിജയ് ഹസാരെ ട്രോഫിയിൽ യുവതാരങ്ങൾ മിന്നിയപ്പോൾ ‘അതേനാണയത്തിൽ’ തിളങ്ങി സൂപ്പർ താരങ്ങളും. മുംബൈയ്ക്കു വേണ്ടി ഏഴു വർഷത്തിനു ശേഷം കളത്തിലിറങ്ങി രോഹിത് ശർമ സെഞ്ചറി നേടിയപ്പോൾ, 15 വർഷത്തിനു ശേഷം ഡൽഹിക്കു വേണ്ടി കളിക്കുന്ന വിരാട് കോലിയും സെഞ്ചറിയിലെത്തി.

സിക്കിമിനെതിരായ മത്സരത്തിലാണ് മുംബൈ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമയുടെ സെഞ്ചറി. 28 പന്തിൽ അർധസെഞ്ചറി നേടിയ താരം 62 പന്തിലാണ് സെഞ്ചറി തികച്ചത്. ഇതിനു ശേഷവും കുതിപ്പ് തുടർന്ന രോഹിത്, 94 പന്തിൽ 155 റൺസെടുത്താണ് പുറത്തായത്. 9 സിക്സും 18 ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. 

ലിസ്റ്റ് എ ക്രിക്കറ്റിൽ രോഹിത്തിന്റെ വേഗമേറിയ സെഞ്ചറിയാണ് ഇത്. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ രോഹിത് 63 പന്തിൽ സെഞ്ചറി നേടിയിരുന്നു. സിക്കിം ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഓപ്പണർമാരായ അങ്ക്രിഷ് രഘുവംശിയും (58 പന്തിൽ 38) രോഹിത് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ 141 റൺസാണ് കൂട്ടിച്ചേർത്തത്. മത്സരം മുംബൈ എട്ടു വിക്കറ്റിനു ജയിച്ചു. 

അതേസമയം, ആന്ധ്രപ്രദേശ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഡൽഹിക്ക് വിരാട് കോലിയുടെ സെഞ്ചറിയും പ്രിയാൻഷ് ആര്യ, നിതീഷ് റാണ അർധസെഞ്ചറിയുമാണു കരുത്തായത്. 101 പന്തുകൾ നേരിട്ട കോലി 14 ഫോറും മൂന്നു സിക്സും ഉൾപ്പടെ 131 റൺസടിച്ചു പുറത്തായി. 55 പന്തുകൾ നേരിട്ട റാണ 77 റണ്‍സാണെടുത്തത്. 44 പന്തിൽ 74 റൺസെടുത്ത പ്രിയാൻഷ് ആര്യ പുറത്തായി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അർപ്പിത് റാണ സംപൂജ്യനായി പുറത്തായതോടെയാണ് മൂന്നാമനായി കോലി ക്രീസിലെത്തിയത്.

രണ്ടാം വിക്കറ്റിൽ പ്രിയാൻഷും കോലിയും ചേർന്ന് 113 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ അർധസെഞ്ചറി പിന്നിട്ട കോലി, ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസും തികച്ചു. നാലാമനായി ഇറങ്ങിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് കോലി ബാറ്റിങ് തുടര്‍ന്നതോടെ ‍ഡല്‍ഹി അനായാസം വിജയത്തിനടുത്തെത്തി. കോലിയുടേയും റാണയുടേയും പുറത്താകലിനു ശേഷം, ഹര്‍ഷ് ത്യാഗിയും (നാല്), നവ്ദീപ് സെയ്നിയും (അഞ്ച്) ചേർന്നാണു ഡൽഹിയെ വിജയത്തിലെത്തിച്ചത്. 37.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡല്‍ഹി വിജയ റണ്‍സ് കുറിച്ചത്.

∙ രോഹിത് ഫാൻസ്

ജയ്‌പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടമാണ് രോഹിത് ശർമയുടെ കളി കാണാനെത്തിയത്. ടോസിന് മണിക്കൂറുകൾക്ക് മുൻപ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ കാണികൾക്ക് പ്രവേശനം സൗജന്യമാക്കിയതോടെ, സ്റ്റേഡിയത്തിന് പുറത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്.

സിലക്ഷൻ കമ്മിറ്റിയംഗം ആർപി സിങ് മത്സരം കാണാനെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ ‘‘രോഹിത്തിന്റെ താരപദവി ഗൗതം ഗംഭീർ കാണുന്നുണ്ടോ’’ എന്ന ആർപ്പുവിളിയും സ്റ്റേഡിയത്തിൽ മുഴങ്ങി. സിക്കിം ഇന്നിങ്സിനിടെ ഫീൽഡ് ചെയ്ത രോഹിത്, ഇടയ്ക്ക് ആരാധകരെ കൈവീശി കാണിക്കുകയും ഓവറുകൾക്കിടെ സെൽഫികൾക്ക് പോസ് ചെയ്യുകയും ചെയ്തു. അതേസമയം, ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ അടച്ചിട്ട വേദിയിലാണ് ആന്ധ്രാപ്രദേശ്– ഡൽഹി മത്സരം നടത്തിയത്.

English Summary:

Vijay Hazare Trophy sees seasoned players radiance alongside young talents. Rohit Sharma scored a period aft 7 years for Mumbai, portion Virat Kohli deed a half-century for Delhi aft 15 years.

Read Entire Article