രോഹിത് ശർമ ക്യാപ്റ്റൻ, അമ്പരന്ന് ആരാധകർ; സർപ്രൈസ് ഐപിഎൽ ടീം ഓഫ് ദി ടൂർണമെന്റ് തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം

7 months ago 10

Curated by: ഗോകുൽ എസ്|Samayam Malayalam8 Jun 2025, 10:19 am

2025 സീസണ് പിന്നാലെ ടൂർണമെന്റിന്റെ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം. ക്യാപ്റ്റനായി രോഹിത് ശർമയെ ( Rohit Sharma ) തെരഞ്ഞെടുത്തതിൽ അമ്പരന്ന് ആരാധകർ.

ഹൈലൈറ്റ്:

  • ഐപിഎൽ ടീം ഓഫ് ദി ടൂർണമെന്റുമായി സിദ്ധു
  • ഈ ടീമിന്റെ നായകൻ രോഹിത് ശർമ
  • സർപ്രൈസ് ടീം തെരഞ്ഞെടുപ്പിൽ അമ്പരന്ന് ക്രിക്കറ്റ് പ്രേമികൾ
രോഹിത് ശർമരോഹിത് ശർമ (ഫോട്ടോസ്- Samayam Malayalam)
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കന്നി ഐപിഎൽ കിരീട നേട്ടത്തോടെ 2025 സീസൺ ഐപിഎല്ലിന് തിരശീല വീണിരിക്കുകയാ‌ണ്‌. ഫൈനലിൽ ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിങ്സിനെ വീഴ്ത്തിയായിരുന്നു രജത് പാട്ടിദാറിന്റെ ആർസിബി കിരീടത്തിൽ മുത്തമിട്ടത്. ഐപിഎൽ അവസാനിച്ചതിന് പിന്നാലെ ഇപ്പോളിതാ ടൂർണമെന്റിന്റെ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ നവ്ജോത് സിങ് സിദ്ധു. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയാണ് ഈ ടീമിന്റെ ക്യാപ്റ്റൻ എന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ഐപിഎൽ 2025 ൽ കിടിലൻ ക്യാപ്റ്റൻസി കാഴ്ച വെച്ച ശ്രേയസ് അയ്യരിനെ ഒഴിവാക്കിക്കൊണ്ടാണ് രോഹിത് ശർമയെ ഐപിഎല്ലിന്റെ ടീമിന്റെ നായകനായി സിദ്ധു ചൂണ്ടിക്കാട്ടിയത്. രോഹിതിന്റെ മൊത്തത്തിലുള്ള ക്യാപ്റ്റൻസി റെക്കോഡുകൾ പരിഗണിച്ചുകൊണ്ടാണ് സിദ്ധു ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.

രോഹിത് ശർമ ക്യാപ്റ്റൻ, അമ്പരന്ന് ആരാധകർ; സർപ്രൈസ് ഐപിഎൽ ടീം ഓഫ് ദി ടൂർണമെന്റ് തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം


രോഹിത് ശർമ ക്യാപ്റ്റനായി നേടിയ അഞ്ച് ഐപിഎൽ കിരീടങ്ങളെയും ഒപ്പം ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി നേട്ടങ്ങളെയും എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നായക മികവിനെ പ്രശംസിക്കുന്ന സിദ്ധു, താരത്തിന്റെ ക്യാപ്റ്റൻസിയെ വാനോളം പുകഴ്ത്തി. രോഹിത് ഫോം കണ്ടെത്തിയതോടെ മുംബൈ ഇന്ത്യൻസ് തീർത്തും വ്യത്യസ്തമായ സംഘമായി മാറിയെന്നും യൂടൂബ് ചാനലിൽ സംസാരിക്കവെ സിദ്ധു ചൂണ്ടിക്കാട്ടി. അതേ സമയം എന്തൊക്കെയാണെങ്കിലും ഐപിഎല്ലിൽ നിലവിൽ ക്യാപ്റ്റനല്ലാത്ത രോഹിതിനെ ടീം ഓഫ് ദി ടൂർണമെന്റിന്റെ നായകനായി നവ്ജോത് സിങ് സിദ്ധു തെരഞ്ഞെടുത്തത് ക്രിക്കറ്റ് ലോകത്തിന്റെ നെറ്റി ചുളിപ്പിക്കുന്നുണ്ട്.

Also Read: ഒരു കാര്യത്തിൽ രോഹിത് ശർമക്ക് നിരാശ. എലിമിനേറ്ററിന് ശേഷം പറഞ്ഞത് ഇങ്ങനെ.

അതേ സമയം മങ്ങിയ ഫോമിൽ 2025 സീസണ് തുടക്കം കുറിച്ച രോഹിത് ശർമ സീസണിന്റെ രണ്ടാം പകുതിയിൽ പതിയെ മികച്ച ഫോമിലേക്ക് എത്തുകയായിരുന്നു. പതിനെട്ടാം സീസൺ ഐപിഎല്ലിൽ 15 മത്സരങ്ങൾ കളിച്ച രോഹിത്, 29.85 ബാറ്റിങ് ശരാശരിയിൽ 418 റൺസായിരുന്നു നേടിയത്. 149.28 ആണ് ഈ സീസണിൽ രോഹിതിന്റെ സ്ട്രൈക്ക് റേറ്റ്. നാല് അർധസെഞ്ചുറികൾ ഇക്കുറി സ്കോർ ചെയ്ത രോഹിത് ശർമ, 41 ഫോറുകളും 22 സിക്സറുകളും നേടി.

രോഹിത് ശർമ്മക്ക് പുറമെ വിരാട് കോഹ്ലിയും സിദ്ധുവിന്റെ ഐപിഎൽ ടീം ഓഫ് ദി ടൂർണമെന്റിലുണ്ട്. ആർസിബിയുടെ കന്നി കിരീട നേട്ടത്തിൽ സുപ്രധാന പങ്കായിരുന്നു ഇക്കുറി കോഹ്ലി വഹിച്ചത്. ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ, പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ, ലക്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുറാൻ എന്നിവരാണ് ഈ ടീമിലെ മറ്റ് ബാറ്റർമാർ.

ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ എന്നിവരെയും ഈ ടീമിൽ ഉൾപ്പെടുത്തുന്ന സിദ്ധു, പേസ് നിരയിൽ ജസ്പ്രിത് ബുംറ, ജോഷ് ഹേസൽവുഡ്, പ്രസിദ് കൃഷ്ണ എന്നിവരെയും, സ്പിന്നറായി നൂർ അഹമ്മദിനെയുമാണ് ടീമിൽ ഉൾപ്പെടുത്തുന്നത്.

Also Read: സിക്‌സര്‍ നേട്ടത്തില്‍ ചരിത്രം സൃഷ്ടിച്ച് എംഎസ് ധോണി. രോഹിത് ശര്‍മയുടെ റെക്കോഡ് തകര്‍ന്നു

നവ്ജോത് സിങ് സിദ്ധുവിന്റെ ഐപിഎൽ ടീം ഓഫ് ദി ടൂർണമെന്റ്: രോഹിത് ശർമ ( ക്യാപ്റ്റൻ ), വിരാട് കോഹ്ലി, ജോസ് ബട്ലർ, ശ്രേയസ് അയ്യർ, നിക്കോളാസ് പുറാൻ, ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, നൂർ അഹമ്മദ്, പ്രസിദ് കൃഷ്ണ, ജസ്പ്രിത് ബുംറ, ജോഷ് ഹേസൽവുഡ്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article