Published: August 17, 2025 09:43 PM IST Updated: August 17, 2025 10:03 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 45–ാം വയസ്സുവരെ ഏകദിന ക്രിക്കറ്റില്‍ തുടരാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് പരിശീലകനുമായ യോഗ്‍രാജ് സിങ്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാണു കളിക്കുക. ആവശ്യമെങ്കിൽ 45–ാം വയസ്സുവരെ കളിക്കാൻ രോഹിതിനു സാധിക്കുമെന്ന് യോഗ്‍രാജ് സിങ് വ്യക്തമാക്കി. ഏകദിന ക്രിക്കറ്റിൽ രോഹിതിന്റെ മികവ് മനസ്സിലാക്കാന്‍ ചാംപ്യൻസ് ട്രോഫി ഫൈനലിലെ പ്രകടനം മാത്രം മതിയെന്ന് യോഗ്‍രാജ് സിങ് പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെതിരെ 83 പന്തുകൾ നേരിട്ട രോഹിത് ശർമ 76 റൺസടിച്ച് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നു. ‘‘നാലു പേരെ ചുമന്ന് എല്ലാ ദിവസവും 10 കിലോമീറ്റർ വീതം രോഹിത് ശർമ ഓടട്ടെ. അതിനായി ആരെങ്കിലും അദ്ദേഹത്തെ പ്രേരിപ്പിക്കണം. അഞ്ചു വർഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം.’’– യോഗ്‍രാജ് സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘രോഹിത് ആഭ്യന്തര ക്രിക്കറ്റിൽ തുടർന്നും കളിക്കട്ടെ, അത് അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും.’’– യോഗ്‍രാജ് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പിതാവായ യോഗ്‍രാജിനു കീഴിൽ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, അർജുൻ തെൻഡുല്‍ക്കർ എന്നിവർ മുൻപ് പരിശീലിച്ചിരുന്നു.ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോലിയും കളിച്ചേക്കുമെന്നു വിവരമുണ്ട്. ഈ പരമ്പരയ്ക്കു ശേഷം രോഹിതും കോലിയും വിരമിക്കൽ പ്രഖ്യാപിക്കാനാണു സാധ്യത.
English Summary:








English (US) ·