17 August 2025, 06:09 PM IST

Photo: facebook.com/officialYograjsingh, PTI
ന്യൂഡല്‍ഹി: ഏകദിന കരിയറില്‍ തുടരാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്. ടി20-യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുകഴിഞ്ഞ രോഹിത്തിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭാവി സംശയത്തില്‍ നില്‍ക്കെയാണ് താരത്തിന് പിന്തുണയറിച്ച് യോഗ്‌രാജ് സിങ് രംഗത്തെത്തിയിരിക്കുന്നത്. വേണമെന്നുവെച്ചാല്‍ 45 വയസുവരെ കളിക്കാനുള്ള കഴിവ് രോഹിത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ രോഹിത് 83 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ആ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായതും രോഹിത്തായിരുന്നു. ഏകദിനത്തിലെ രോഹിത്തിന്റെ നിലവാരം അറിയാന്‍ ആ പ്രകടനം തന്നെ മതിയായ തെളിവാണെന്ന് യോഗ്‌രാജ് പറഞ്ഞു.
ക്രിക്കറ്റില്‍ കൂടുതല്‍ കാലം തുടരാന്‍ രോഹിത്തിനോട് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. നാലു പേരെ ചുമന്നുകൊണ്ട് എല്ലാ ദിവസവും രാവിലെ 10 കിലോമീറ്റര്‍ ദൂരം ഓടാന്‍ രോഹിത്തിനെ പ്രേരിപ്പിക്കാനും യോഗ്‌രാജ് സിങ് ആഹ്വാനം ചെയ്തു. അഞ്ചു വര്‍ഷം കൂടി രോഹിത്തിന്റെ സേവനം ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേണമെങ്കില്‍ 45 വയസുവരെ കളിക്കാനുള്ള ക്ലാസ് രോഹിത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രോഹിതിന്റെ ഭാവിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം രോഹിത്തും വിരാട് കോലിയും കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Yograj Singh supports Rohit Sharma`s continued ODI career, urging fittingness and highlighting his class








English (US) ·