Published: October 06, 2025 01:14 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റി, ശുഭ്മൻ ഗില്ലിനെ ചുമതലയേൽപിച്ചത് നിലവിലെ ടീം സാഹചര്യങ്ങൾ മാറാതിരിക്കാനെന്നു വിവരം. രോഹിത് ശർമ ഇനി കുറച്ചുകാലം കൂടി മാത്രമാണു കളിക്കുകയെന്നതിനാൽ ടീമിൽ രോഹിത് ശർമയുടെ തത്വങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ വേണ്ടെന്നാണ് മാനേജ്മെന്റിന്റെ താൽപര്യം. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു താരം വിരമിച്ചതിനാല്‍, ഏകദിന ടീമിൽ മാത്രമായി രോഹിതിന്റെ രീതികൾ തുടരേണ്ടതില്ലെന്നാണു നിലപാടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗിൽ ട്വന്റി20യിൽ വൈസ് ക്യാപ്റ്റൻ കൂടിയാണ്.
സൂര്യകുമാർ യാദവ് ട്വന്റി20 ക്യാപ്റ്റൻസി ഒഴിയുമ്പോൾ ഈ ചുമതലയും സ്വാഭാവികമായും ഗില്ലിലേക്കു വന്നുചേരും. മൂന്നു ഫോർമാറ്റിലും ഒരു ക്യാപ്റ്റന്‍ എന്ന രീതിയോടാണ് പരിശീലകന്‍ ഗൗതം ഗംഭീറിനും താൽപര്യം. ‘‘രോഹിത് ക്യാപ്റ്റനായി തുടരുമ്പോൾ ഡ്രസിങ് റൂമിലെ രീതികൾ അദ്ദേഹമാണു തീരുമാനിക്കുക. എന്നാൽ അദ്ദേഹം ഏകദിന ഫോർമാറ്റിൽ മാത്രം തുടരുന്ന സാഹചര്യത്തിൽ അതു ടീമിനെ മോശമായി ബാധിക്കുമോയെന്നാണ് ആശങ്ക. ചുമതലയേറ്റ് ആദ്യ ആറു മാസങ്ങൾ ഏകദിന, ടെസ്റ്റ് ടീമുകളുടെ നിയന്ത്രണത്തിൽ ബാക്ക് സീറ്റിലായിരുന്നു ഗംഭീറിനു സ്ഥാനം. ടീമിനുമേൽ പൂർണമായ നിയന്ത്രണം ഗംഭീറിനു ലഭിച്ചിരുന്നില്ല.’’
‘‘ന്യൂസീലന്‍ഡിനും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരയിലെ തിരിച്ചടിക്കു ശേഷം ഗംഭീർ ടീമിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. രോഹിത് ശർമയും വിരാട് കോലിയും 2027 ലെ ഏകദിന ലോകകപ്പ് വരെ മികച്ച ഫോമിൽ തന്നെ കളിക്കാൻ ബുദ്ധിമുട്ടുമെന്നാണ് പരിശീലകൻ ഗംഭീറും സിലക്ടര്‍ അജിത് അഗാർക്കറും വിലയിരുത്തുന്നത്. കോലിയോ, രോഹിതോ ഫോം ഔട്ടായാൽ അതു നേതൃനിരയെ കൂടി ബാധിക്കാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനം.’’– ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങുന്ന മത്സരമാണ് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര. ഈ പരമ്പരയ്ക്കു ശേഷം രണ്ടു താരങ്ങളും ഏകദിന ഫോർമാറ്റിൽനിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
English Summary:








English (US) ·