11 August 2025, 01:12 PM IST

Photo: PTI, x.com/shana45
മുംബൈ: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ പുതിയ ലംബോര്‍ഗിനി ഉറുസ് എന്ന സൂപ്പര്‍ എസ്യുവി തന്റെ ഗാരേജിലെത്തിച്ചത്. ഉറുസ് എസ്ഇ എന്ന ഹൈബ്രിഡ് മോഡലാണ് ഇത്തവണ രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഒരു റെഗുലര്‍ ഉറുസ് ഒരു ഡ്രീം11 മത്സര വിജയിക്ക് സമ്മാനിച്ചിരുന്നു. ഇതോടെയാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്.
പുതിയ കാറിന് '3015' എന്ന നമ്പറാണ് രോഹിത് നല്‍കിയിട്ടുള്ളത്. ഈ നമ്പര്‍ പെട്ടെന്നു തന്നെ ആരാധകര്‍ ഡീകോഡ് ചെയ്യുകയും ചെയ്തു. 30, 15 എന്നിവ രോഹിത്തിന്റെ രണ്ട് മക്കളുടെ ജന്മദിനമാണ്. മാത്രമല്ല 30 ഉം 15 ഉം കൂട്ടിയാല്‍ കിട്ടുന്നത് രോഹിത്തിന്റെ ജേഴ്‌സി നമ്പറായ 45 ഉം. ഡിസംബര്‍ 30-നാണ് രോഹിത്തിന്റെ മൂത്ത മകള്‍ സമൈറ ജനിച്ചത്. മകന്‍ അഹാന്റെ ജന്മദിനം 15 ആണ്.
നേരത്തേ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയുടെ നിറത്തിലുള്ള റെഗുലര്‍ ഉറുസിന് 264 എന്ന രജിസ്‌ട്രേഷന്‍ നമ്പറാണ് രോഹിത് നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായിരുന്നു 264.
അതേസമയം പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനത്തില്‍ എത്തിയിട്ടുള്ള രോഹിത്തിന്റെ ഓറഞ്ച് നിറത്തിലുള്ള പുതിയ ഉറുസിന് 4.57 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഓണ്‍റോഡ് വില അഞ്ച് കോടിക്ക് മുകളിലാകും. ലംബോര്‍ഗിനിയുടെ വാഹന നിരയിലെ രണ്ടാമത് ഹൈബ്രിഡ് വാഹനമാണ് ഉറുസ് എസ്ഇ. റൂവുള്‍ട്ടോയാണ് ആദ്യമായി പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ഒരുങ്ങിയ ലംബോര്‍ഗിനി മോഡല്‍.
Content Highlights: Rohit Sharma`s caller Lamborghini Urus has a peculiar fig plate, 3015








English (US) ·