13 May 2025, 10:20 AM IST

വിരാട് കോലിയും രോഹിത് ശർമയും | AFP
രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ രാജ്യത്തിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചത് നികത്താനാവാത്ത വിടവാണ്. ടി20 ലോകകപ്പ് ജയത്തോടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ഇവര്‍ വിരമിച്ചിരുന്നു. ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യയുടെ ഈ സൂപ്പര്‍താരങ്ങളെ ഇനി കാണാനാവുക. എന്നാല്‍ വരാനിരിക്കുന്ന ഏകദിനലോകകപ്പില്‍ ഇരുവരും കളിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. സ്‌പോര്‍ട്‌സ് ടുഡെയോടാണ് ഗാവസ്‌കറിന്റെ പ്രതികരണം.
ഏകദിന ഫോർമാറ്റിൽ അവർ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചവരാണ്. ഇനി സെലക്ഷൻ കമ്മിറ്റി നോക്കുന്നത് 2027 ലോകകപ്പ് ആയിരിക്കും. ലോകകപ്പ് ടീമിൽ ഇരുവർക്കും ഇടം നേടാനാകുമോ എന്നാണ് നോക്കുന്നത്. ഇരുവരും ഇതുവരെ നൽകിക്കൊണ്ടിരിക്കുന്നതുപോലെയുള്ള സംഭാവനകൾ തുടർന്നും കാഴ്ചവെക്കാൻ സാധിക്കുമോയെന്നായിരിക്കും സെലക്ഷൻ കമ്മിറ്റി ചിന്തിക്കുന്നത്. അങ്ങനെ സാധിക്കുമെന്ന് സെലക്ഷൻ കമ്മിറ്റിക്ക് തോന്നുകയാണെങ്കിൽ ഇരുവരും ടീമിലുണ്ടാകും.- ഗാവസ്കർ പറഞ്ഞു.
രോഹിത്തും കോലിയും ലോകകപ്പ് ടീമിലുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഗാവസ്കർ പറഞ്ഞു. അവർ ലോകകപ്പ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വളരെ സത്യസന്ധമായാണ് പറയുന്നത്. എന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ മികച്ച ഫോമിലേക്ക് എത്തുകയും തുടർച്ചയായി സെഞ്ചുറികൾ നേടിക്കൊണ്ടിരിക്കുകയും ചെയ്താൽ ദൈവത്തിനു പോലും അവരെ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല.- ഗാവസ്കർ കൂട്ടിച്ചേർത്തു.
അതേസമയം 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു ശേഷം അടുത്ത ലോകകപ്പ് നേടുന്നതിനെ കുറിച്ച് കോലി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ലോകകപ്പില്‍ 11 കളികളില്‍ നിന്ന് 765 റണ്‍സ് നേടി കോലി റെക്കോഡിട്ടിരുന്നു. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും അടക്കമായിരുന്നു ഈ നേട്ടം. അതിനാല്‍ തന്നെ 2027 ലോകകപ്പിന് ഒരുങ്ങുക എന്നത് മുന്നില്‍ കണ്ട് ആവശ്യമായ വിശ്രമത്തിനും ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിനും വേണ്ടിയാകാം കോലി ടെസ്റ്റ് മതിയാക്കിയതെന്ന് കരുതുന്നവരുണ്ട്.
Content Highlights: sunil gavaskar says Virat Kohli Rohit Sharma Will Not Play 2027 ODI World Cup








English (US) ·