രോഹിത്തും കോലിയും A+ ലിസ്റ്റിൽ, അയ്യർ തിരിച്ചെത്തി, പന്തിന് സ്ഥാനക്കയറ്റം; BCCI വാർഷികക്കരാർ പുറത്ത്

9 months ago 8

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ ബിസിസിഐയുടെ വാര്‍ഷികക്കരാര്‍ ലിസ്റ്റ് പുറത്തുവിട്ടു. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുരുഷവിഭാഗം ലിസ്റ്റില്‍ തിരിച്ചെത്തി. രഞ്ജിട്രോഫി കളിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷികക്കരാറില്‍നിന്ന് ഇരുവരെയും തഴഞ്ഞിരുന്നു.

ലിസ്റ്റിൽ ഏഴുപേര്‍ പുതുമുഖങ്ങളാണ്. കളിക്കാരെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ എ പ്ലസ് കാറ്റഗറിയില്‍ തുടരുന്നു.

കാറപകടത്തിലേറ്റ പരിക്കുകള്‍ മാറി അദ്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്ത് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടു. കഴിഞ്ഞ സീസണില്‍ ബി കാറ്റഗറിയിലായിരുന്നു താരം. മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും എ കാറ്റഗറിയിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാല്‍ നേരത്തേ ഈ ലിസ്റ്റിലുണ്ടായിരുന്ന ആര്‍. അശ്വിന്‍ പുറത്തായി.

നേരത്തേ വാര്‍ഷികക്കരാറില്‍നിന്ന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ വീണ്ടും തിരിച്ചെത്തി. ബി കാറ്റഗറിയിലാണ് അയ്യരെ ഉള്‍പ്പെടുത്തിയത്. സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ലിസ്റ്റിലുണ്ട്. കഴിഞ്ഞതവണ കാറ്റഗറി സി-യിലുണ്ടായിരുന്ന ഷാര്‍ദൂല്‍ ഠാക്കൂര്‍, കെഎസ് ഭരത്, ജിതേഷ് ശര്‍മ, ആവേശ് ഖാന്‍ എന്നിവരെ പട്ടികയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. അതേസമയം, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് റെഡ്ഢി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ സി-ലിസ്റ്റില്‍ ഇടം കണ്ടെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 19 പേരാണ് സി കാറ്റഗറിയിലുള്ളത്.

ഗ്രേഡ് എ പ്ലസ്: രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

ഗ്രേഡ് എ: മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്

ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍

ഗ്രേഡ് സി: റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിദര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിധീഷ് കുമാര്‍ റെഡ്ഢി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Content Highlights: BCCI 2025-26 Player Contracts Announced

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article