Published: November 05, 2025 04:32 PM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോലിയും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന രോഹിത് ശർമയും വിരാട് കോലിയും ഫോം നിലനിർത്തുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ കളിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിനു സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നവംബർ 13, 16, 19 തീയതികളിൽ രാജ്കോട്ടിലാണ് മത്സരങ്ങൾ. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഈയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഏകദിന ലോകകപ്പിനു മുന്നോടിയായി ടീമിൽ ചില പരീക്ഷണങ്ങൾ നടത്താനാണ് സെലക്ടർമാരുടെ തീരുമാനമെന്നും അതുകൊണ്ടാണ് സീനിയർ താരങ്ങളെ ഒഴിവാക്കുന്നതെന്നാണ് വിവരം. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്കു പരിഗണിക്കാനും സാധ്യതയുണ്ട്. നവംബർ 14നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ടെസ്റ്റ് ടീമിന്റെ ഭാഗമായുള്ള താരങ്ങൾ ആരും തന്നെ ഇന്ത്യ എ ടീമിലുണ്ടാകില്ല.
അതിനാലാണ് സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് സാധ്യത കൽപിക്കപ്പെടുന്നത്. ഒരുപക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കും സഞ്ജുവിനെ പരിഗണിച്ചേക്കാം. അങ്ങനെയെങ്കിൽ ഏകദിന ടീമിലേക്കു തിരിച്ചുവരവിനു ശ്രമിക്കുന്ന സഞ്ജുവിന്, പരമ്പര നിർണായകമാകും. 2022ൽ, ന്യൂസീലൻഡ് എയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിനെ സഞ്ജു നയിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ, ഋഷഭ് പന്താണ് ഇന്ത്യ എയുടെ നായകൻ. ആദ്യ ടെസ്റ്റിൽ ഋഷഭ് പന്തിന്റെ അർധസെഞ്ചറിക്കരുത്തിൽ ഇന്ത്യ എ മൂന്നു വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് ഈ മാസം 6 മുതലാണ്. ഇതോടെ സീനിയർ ടീമിലേക്ക് ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഉറപ്പായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ എൻ.ജഗദീഷനു പകരമാകും പന്ത് ടീമിലെത്തുക. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് കളിച്ച ടീമിൽ മറ്റു മാറ്റങ്ങൾക്കു സാധ്യതയില്ല.
ടെസ്റ്റിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. ഇതിൽ രോഹിത് ശർമയും വിരാട് കോലിയും കളിക്കും. ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് താരങ്ങൾ ഒടുവിൽ കളിച്ചത്. പരമ്പരയിൽ, ഏറ്റവും കൂടുതൽ റൺസ് നേടി രോഹിത് ശർമ, പ്ലെയർ ഓഫ് ദ് ടൂർണമെന്റായപ്പോൾ, അവസാന മത്സരത്തിൽ അർധസെഞ്ചറി നേടി കോലി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെയും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെയും തിരഞ്ഞെടുക്കുന്നതിനായി സെലക്ടർമാർ ഈയാഴ്ച തന്നെ യോഗം ചേരും.
English Summary:








English (US) ·