'രോഹിത്തും കോലിയും പശ്ചാത്തപിക്കും'; വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് യോഗ്‌രാജ് സിങ്

8 months ago 8

rohit-kohli

രോഹിത് ശർമയും വിരാട് കോലിയും, Photo: AFP

രാജ്യത്തെ റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ രക്ഷയ്ക്കായി രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും യുവ്‍രാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. ഇത് രാജ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും യുവിയോട് വിരാടിനെ വിളിച്ച് വിരമിക്കരുതെന്ന് പറയാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം ഇംഗ്ലണ്ടിനെതിരായ പര്യടനം ആരംഭിക്കാനിരിക്കേയാണ് യോഗ്‌രാജിന്റെ പ്രതികരണം. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ പുതിയ നായകനെയും ഓപ്പണറെയും നാലാം നമ്പര്‍ താരത്തെയും സെലക്ടര്‍മാര്‍ക്ക് കണ്ടെത്തേണ്ടതുണ്ട്.

'ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാനായി രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കല്‍ തീരുമാനം മാറ്റി തിരിച്ചുവരണം. അവരവരെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ലിത്. ഇത് രാജ്യത്തെയും ആരാധകരെയും ആളുകളുടെ കളിയോടുള്ള വികാരങ്ങളെയും സംബന്ധിച്ചുള്ളതാണ്. കോലിക്ക് കുറഞ്ഞത് 10 വര്‍ഷമെങ്കിലും ക്രിക്കറ്റ് കളിക്കാം. രോഹിത് എന്റെയടുത്ത് വന്നിരുന്നെങ്കില്‍ മികച്ച ഫിറ്റ്‌നസ് ഉറപ്പുവരുത്തുമായിരുന്നു. '- യോഗ്‌രാജ് സിങ് ഐഎഎന്‍എസിനോട് പറഞ്ഞു.

'2011 ല്‍ യുവ്‍രാജ് സിങ്, ഹര്‍ഭജന്‍ സിങ്, വിരേന്ദര്‍ സെവാഗ് എന്നിവരെ വ്യക്തമായ കാരണമില്ലാതെയാണ് പുറത്താക്കിയത്. യുവ്‍രാജ് വിരമിച്ചപ്പോള്‍ ഞാന്‍ അവനെ ശകാരിച്ചു. അവനിപ്പോഴും ഫിറ്റാണ്. താരങ്ങള്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുന്നതിനേക്കാള്‍ ടീമിലെ സ്ഥാനത്തിനായി പോരാടുകയാണ് വേണ്ടത്. ബിസിസിഐ താരങ്ങള്‍ക്ക് പിന്തുണ കൊടുക്കണം.'

'ഞാൻ യുവിയോട് വിരാടിനെ വിളിക്കാൻ പറഞ്ഞിരുന്നു. അന്ന് യുവ്‍രാജ് ചെയ്തതുപോലെയുള്ള അബദ്ധം ചെയ്യരുതെന്ന് പറയാൻ ആവശ്യപ്പെട്ടു. കുറച്ചുവര്‍ഷം കഴിയുമ്പോള്‍ തീര്‍ച്ചയായും അവര്‍ പശ്ചാത്തപിക്കും. അന്ന് നിരാശപ്പെടും. പക്ഷേ എന്തുകാര്യം?'- യോഗ്‌രാജ് ചോദിച്ചു.

രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ 20-ന് ഇംഗ്ലണ്ട് പര്യടനം തുടങ്ങാനിരിക്കേയാണ് ഇരുവരുടെയും വിരമിക്കൽ എന്നതാണ് ശ്രദ്ധേയം. അഞ്ചു ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രോഹിത്തിന്റെയും കോലിയുടെയും അഭാവത്തില്‍ തലമുറമാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇംഗ്ലീഷ് മണ്ണില്‍ എ ടീമിനായി പുറത്തെടുക്കുന്ന മികച്ച പ്രകടനം യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലെത്താന്‍ ഉപകരിക്കും. കോലി ഒഴിച്ചിട്ട നാലാം നമ്പറിലെത്തുമെന്ന് കരുതുന്ന കരുണ്‍ നായരിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാനും ഇത് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ്. സീനിയര്‍ ടീം അംഗങ്ങളായ ജയ്‌സ്വാളിനും ഗില്ലിനും ഇംഗ്ലീഷ് സാഹചര്യങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണിത്.

Content Highlights: rohit sharma virat kohli status amerind trial cricket yograj singh

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article