റണ്‍മല കയറി കോഹ്‌ലി; ടി20 ക്രിക്കറ്റില്‍ പുതുചരിതം; വന്‍ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

9 months ago 6

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 7 Apr 2025, 9:12 pm

IPL 2025 MI vs RCB: ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്‌ലി (Virat Kohli). ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ആര്‍സിബി മല്‍സരത്തിലാണ് നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമനും ആദ്യ ഏഷ്യക്കാരനുമാണ്.

Samayam Malayalam
ലോക ക്രിക്കറ്റിലെ നിരവധി ചേതോഹര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പുതിയ ചരിത്രനേട്ടം അടയാളപ്പെടുത്തി വിരാട് കോഹ്ലി (Virat Kohli). ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ 36 കാരന്‍ ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി ഓപണറായി ഇറങ്ങിയാണ് കോഹ്‌ലി നാഴികക്കല്ല് താണ്ടിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമനെന്ന റെക്കോഡിനും ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോഡിനും കോഹ്‌ലി അര്‍ഹനായി.


ക്രിസ് ഗെയ്ലിന്റെ വമ്പന്‍ റെക്കോഡ് കോഹ്ലിക്ക് കഷ്ടിച്ച് നഷ്ടമായി. 386 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് നേടിയ ക്രിസ് ഗെയ്ലിന്റെ ലോക റെക്കോഡ് 381 ഇന്നിങ്‌സുകളിലാണ്. ക്രിസ് ഗെയ്ല്‍ ആകെ 14,562 റണ്‍സ് നേടി.

ശുഐബ് മാലിക്കിന്റെ എക്കാലത്തെയും ഏഷ്യന്‍ റെക്കോഡ് കോഹ്ലി തകര്‍ത്തു. 487 ഇന്നിങ്‌സുകളില്‍ ഈ നാഴികക്കല്ല് താണ്ടിയ ശുഐബ് മാലിക്ക് ആകെ 13,637 റണ്‍സ് നേടിയിട്ടുണ്ട്.

മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ കോഹ്‌ലിക്ക് 17 റണ്‍സാണ് വേണ്ടിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്‌ലി 42 പന്തില്‍ 67 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും പായിച്ചു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article