04 May 2025, 06:55 PM IST

ബാറ്ററുടെ പോക്കറ്റിൽ നിന്ന് ഫോൺ താഴെ വീഴുന്നു | X.com/@NoContextCounty
ക്രിക്കറ്റ് മൈതാനത്ത് റണ്ണെടുക്കാനായി ഓടുന്നതിനിടെ ബാറ്റ് വഴുതിപ്പോകുന്ന സംഭവങ്ങള്‍ നിരവധി കണ്ടിട്ടുണ്ട്. ഔട്ടാകാതിരിക്കാനുള്ള ഓട്ടത്തില്‍ ബാറ്റര്‍മാര്‍ ബാറ്റ് നിലത്ത് ഉപേക്ഷിച്ചും ഓടാറുണ്ട്. എന്നാല്‍ നിലത്തുവീഴുന്നത് മൊബൈല്‍ ഫോണായാലോ? കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഓടുന്നതിനിടെ ബാറ്ററുടെ പോക്കറ്റില്‍ നിന്ന് വീണത് മൊബൈല്‍ ഫോണാണ്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഡിവിഷന്‍ 2 വിഭാഗത്തില്‍ ലന്‍കാഷെയറും ഗ്ലൗസെസ്റ്റര്‍ഷെയറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ലന്‍കാഷെയറിനായി പത്താമനായി ഇറങ്ങിയ ടോം ബെയ്‌ലി ഓടുന്നതിനിടെ പോക്കറ്റില്‍ നിന്ന് ഫോണ്‍ വീഴുകയായിരുന്നു. വീണതെന്താണെന്ന് ആദ്യം കമന്റേന്റര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് മനസിലായില്ല. പിന്നീട് നോക്കിയപ്പോഴാണ് ഒരു മൊബൈല്‍ ഫോണാണെന്ന് മനസിലായത്. ഫോണ്‍ പന്തെറിഞ്ഞ ബൗളര്‍ പെട്ടെന്ന് തന്നെ ടോം ബെയ്‌ലിക്ക് കൈമാറി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം താരത്തിനെതിരേ നടപടി വന്നേക്കാന്‍ സാധ്യതയുണ്ട്. കളി നടക്കുമ്പോള്‍ ഡ്രസ്സിങ് റൂമിലോ മൈതാനത്തോ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ താരങ്ങള്‍ക്ക് അനുവാദമില്ല. വാതുവെയ്പ്പും അഴിമതിയും തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ചട്ടങ്ങള്‍ കൊണ്ടുവന്നത്. അതിനാല്‍ താരത്തിനെതിരേ അന്വേഷണവും നടപടിയും വന്നേക്കും.
Content Highlights: English Players Phone Drops From Pocket On Crease viral video








English (US) ·