Published: December 09, 2025 07:17 AM IST Updated: December 09, 2025 09:17 AM IST
1 minute Read
മഡ്രിഡ് ∙ ചുവപ്പുകാർഡുകൾ കളംനിറഞ്ഞ കളിയിൽ റയൽ മഡ്രിഡിന് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സീസണിലെ ആദ്യ ഹോം തോൽവി. സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയോട് 2–0നാണ് റയലിന്റെ കീഴടങ്ങൽ. 2 കളിക്കാർ റെഡ് കാർഡ് കണ്ടതിനാൽ 9 പേരുമായാണ് റയലിനു കളിയവസാനിപ്പിക്കേണ്ടി വന്നത്. റയലിന്റെ തോൽവിയോടെ, ലാ ലിഗ കിരീടപ്പോരിൽ ഒന്നാമതുള്ള ബാർസിലോന 4 പോയിന്റ് ലീഡുറപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ റയൽ ആദ്യഗോൾ വഴങ്ങിയതിനു പിന്നാലെയാണു സംഭവവികാസങ്ങളുടെ തുടക്കം. 54–ാം മിനിറ്റിലെ പെനൽറ്റിയിൽനിന്ന് വില്ലിയോട്ട് സ്വീഡ്ബർഗ് സെൽറ്റ വിഗോയുടെ ആദ്യ ഗോൾ നേടി. 64–ാം മിനിറ്റിൽ ആദ്യത്തെ ചുവപ്പുകാർഡ്. ഫ്രാൻ ഗാർഷ്യ പുറത്ത്. ഇൻജറി ടൈമിൽ അൽവാരോ കരീരാസും പുറത്തായോടെ കളി സംഘർഷഭരിതമായി. റഫറിയോടു പരാതിപ്പെട്ടത് അതിരുവിട്ടതിന് സൈഡ് ബെഞ്ച് സബ്സ്റ്റിറ്റ്യൂട്ട് എൻഡ്രിക്കിനും കിട്ടി മാർച്ചിങ് ഓർഡർ. ഇതിനിടെ, സ്വീഡ്ബർഗിന്റെ അടുത്ത ഗോളും വന്നു (2–0). വിനീസ്യൂസിനും കിലിയൻ എംബപെയ്ക്കും ലഭിച്ച സുന്ദര ഗോളവസരങ്ങൾ പാഴാക്കിയതും തിരിച്ചടിയായി. റയലിനെതിരായ ജയത്തോടെ സെൽറ്റ വിഗോ പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്തെത്തി. 16 കളിയിൽ 40 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ ബാർസിലോനയുടെ സമ്പാദ്യം. റയലിന് 16 കളിയിൽ 36.
റഫറിയിങ്ങിലെ പോരായ്മകളാണ് മത്സരം സംഘർഷഭരിതമാകാനും തങ്ങൾ തോൽക്കാനും കാരണമെന്നു റയൽ പരിശീലകൻ സാബി അലോൻസോ മത്സരശേഷം പറഞ്ഞു. എല്ലാ ടൂർണമെന്റുകളിലുമായി കഴിഞ്ഞ 7 മത്സരങ്ങളിൽ റയലിനു ജയിക്കാനായത് രണ്ടെണ്ണം മാത്രമാണ്. നാളെ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നേരിടുന്ന റയൽ മഡ്രിഡിന് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയായി.
English Summary:








English (US) ·