റസലിന്റെ ബാറ്റുമായി കളിച്ചു, ടിം ഡേവിഡ് 37 പന്തിൽ നേടിയത് 102 റൺസ്, സിക്സുകളുടെ പൂരം; റെക്കോഡും

5 months ago 7

26 July 2025, 06:25 PM IST

tim david

ടിം ഡേവിഡ് | AFP

സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി ഓസ്‌ട്രേലിയയുടെ ടിം ഡേവിഡ്. 37 പന്തില്‍ പുറത്താവാതെ 102 റണ്‍സുമായി ഓസ്‌ട്രേലിയക്കുവേണ്ടി എക്കാലത്തെയും വേഗമേറിയ സെഞ്ചുറി നേടിയ താരമായി മാറി. ആറ് ഫോറുകളും 11 സിക്‌സുമാണ് ഇന്നിങ്‌സിലുള്ളത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 3-0ന് മുന്നിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പുറത്തായതിനുശേഷം ആറാം ഓവറിലാണ് ടിം ഡേവിഡ് ക്രീസിലെത്തിയത്. ആദ്യ പന്തു മുതല്‍ത്തന്നെ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി. ഗുഡകേഷ് മോട്ടിയ എറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായ നാല് സിക്‌സുകള്‍ പറത്തി. നേരത്തേ 16 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചിരുന്നു.

ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ്പിന്റെ 57 പന്തില്‍ 102) സെഞ്ചുറിയാണ് വിന്‍ഡീസിന് കരുത്തായത്. ഓപ്പണര്‍ ബ്രന്‍ഡന്‍ കിങ് 62 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 11.4 ഓവറില്‍ 125 കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 61-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നിരുന്നു. പിന്നാലെയാണ് ടിം ഡേവിഡ് ക്രീസിലെത്തിയത്. ഡേവിഡും മിച്ചല്‍ ഓവനും ചേര്‍ന്ന് അഞ്ചാംവിക്കറ്റില്‍ 128 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 16 പന്തില്‍ 36 റണ്‍സുമായി ഓവന്‍ പുറത്താവാതെ നിന്നു.

വിന്‍ഡീസ് താരം ആന്ദ്രെ റസ്സലിന്റെ ബാറ്റാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് മത്സരാനന്തരം ടിം ഡേവിഡ് പറഞ്ഞു. ജമൈക്കയിലെ സബീന പാര്‍ക്കില്‍ നടന്ന രണ്ടാം ടി20-യില്‍ റസല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. റസലിന്റെ ബാറ്റ് ഒരു വര്‍ഷമായി കൊണ്ടുനടക്കുകയായിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. അത് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല സമയമിതാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Tim David's Record-Breaking Century Propels Australia to Series Victory Over West Indies

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article