
മലർകളേ മലർകളേ പാട്ടിൽ നിന്നുമുള്ള രംഗം.|photo credit: surface grab/youtube
കണ്മുന്നില് കാണുന്നത് സ്വപ്നമോ മിഥ്യയോ എന്നറിയാതെ വിസ്മയിച്ചു നില്‍ക്കുന്ന കാമുകി. ഹൃദയമുരുകുകയാണ്; മിഴികളില്‍ നനവ് പടരുകയും. മണ്ണിലും വിണ്ണിലും കണ്ണിലുമെല്ലാം നീ മാത്രം... ബോക്‌സോഫീസില്‍ കഷ്ടിച്ച് രക്ഷപ്പെട്ട പ്രഭു ദേവ - നഗ്മ ടീമിന്റെ 'ലവ് ബേഡ് സ്' (1996) എന്ന പടം ഇന്ന് നമ്മള്‍ ഓര്‍ക്കുന്നത് പോലും ഈ പാട്ടിന്റെ പേരിലല്ലേ?
'മലര്‍കളേ മലര്‍കളേ ഇത് എന്ന കനവാ,
മലൈകളേ മലൈകളേ ഇത് എന്ന നിനൈവാ,
ഉരുകിയതേ എനതുള്ളം
പെരുകിയതേ വിഴിവെള്ളം
വിണ്ണോടും നീതാന്‍ മണ്ണോടും നീതാന്‍
കണ്ണോടും നീതാന്‍ വാ വാ...'
മറക്കാനാവില്ല, പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന ചരണവും: 'പൂവില്‍ നാവിരുന്താല്‍ കാറ്റ്‌റ് വായ് തിറന്താല്‍, കാതല്‍ കാതല്‍ എന്‍ട്രു പേശും; നിലാ തമിഴ് അറിന്താല്‍ അലൈ മൊഴി അറിന്താല്‍ നം മേല്‍ കവി എഴുതി വീശും, വാഴ് വോട് വളര്‍പിറൈ താനേ വണ്ണനിലവേ നിലവേ... വാനോടു നീലം പോലെ ഇണൈന്ത് കൊണ്ടത് ഇന്ത ഉറവേ, ഉറങ്കാത നേരം കൂട ഉന്തന്‍ കനവെ കനവെ, ഊനോടു ഉയിരേ പോലെ ഉറൈന്ത് പോനത് താന്‍ ഉറവേ, മറക്കാത് ഉന്‍ രാഗം മരിക്കാത് എന്‍ ദേഹം, ഉനക്കാക ഉയിര്‍ വാഴ്വേന്‍ വാ എന്‍ വാഴ് വേ വാ...'
സരസ്വതി, ഹമീര്‍ കല്യാണി രാഗങ്ങളുടെ സ്പര്‍ശമുള്ള ഗാനം. 'സിനിമാഗാനങ്ങളില്‍ ഈണത്തിന് ഫ്രഷ്നെസ്സ് അനുഭവപ്പെടുത്താന്‍ കഴിയണം. അതത്ര എളുപ്പമല്ല; മിക്ക രാഗങ്ങളും നമ്മുടെ പൂര്‍വികര്‍ പാട്ടുകളില്‍ ഉപയോഗിച്ച് കഴിഞ്ഞതാണല്ലോ. രാഗങ്ങളെ വെസ്റ്റേണ്‍ നോട്ട്‌സ് പോലെ ഉപയോഗിക്കുന്നതാണ് എന്റെ ശൈലി. അതുകൊണ്ടുതന്നെ നിങ്ങള്‍ കേട്ടു ശീലിച്ച രീതിയിലാവില്ല ഈ രണ്ടു രാഗങ്ങളും പാട്ടില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുക.' - റഹ്‌മാന്റെ വാക്കുകള്‍.
അര്‍ധശാസ്ത്രീയ സ്പര്‍ശമുള്ള ഈണമാണെങ്കിലും ഓര്‍ക്കസ്‌ട്രേഷനിലെ വെസ്റ്റേണ്‍ ടച്ച് ശ്രദ്ധേയം. സ്റ്റീല്‍ ഫ്‌ളൂട്ടും ഇലക്ട്രിക്ക് പിയാനോയും മാന്‍ഡലിനും വയലിനുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന മാജിക്കില്‍ പ്രസന്നയുടെയും കീത്ത് പീറ്റേഴ്സിന്റെയും ഗിറ്റാര്‍ നോട്ടുകള്‍ കൂടി കലരുമ്പോള്‍ പ്രണയനാദങ്ങളുടെ മനോഹരമായ ഒരു സിംഫണിയായി മാറുന്നു 'മലര്‍കളെ മലര്‍കളെ..' കാലത്തിനതീതമായ സിംഫണി.
എങ്ങനെ വേവലാതിപ്പെടാതിരിക്കും? പതിവില്ലാത്ത അനുഭവത്തിലൂടെ കടന്നുപോയ ദിവസമല്ലേ ? 'അന്ന് കാലത്താണ് റെക്കോര്‍ഡിംഗിന്റെ കാര്യം സ്റ്റുഡിയോയില്‍ നിന്ന് വിളിച്ചുപറയുന്നത്.'- ചിത്രയുടെ ഓര്‍മ്മ. ചെന്നയുടന്‍ വൈരമുത്തു സാറിന്റെ വരികള്‍ വായിച്ചുനോക്കി. ലളിതമെങ്കിലും കാവ്യഭംഗിയാര്‍ന്ന രചന. മനോഹരമായ പ്രണയഗാനമാണ്. പാട്ട് പഠിച്ച ശേഷം അതിന്റെ മൂഡ് പൂര്‍ണമായി ഉള്‍ക്കൊണ്ട് മൈക്കിന് മുന്നില്‍ ചെന്നു പാടിത്തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ആ 'ഇടപെടല്‍.'
പാട്ട് പല്ലവി കടന്ന് ചരണത്തിലേക്ക് പ്രവേശിക്കേ സംഗീത സംവിധായകന്‍ റഹ്‌മാന്‍ വോയ്സ് ബൂത്തില്‍ വന്ന് ഗായികയോട് ചോദിക്കുന്നു: 'എന്താ നല്ല സുഖം തോന്നുന്നില്ലേ?' അത്ഭുതം തോന്നിയെന്ന് ചിത്ര. 'ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല അന്ന്. പാട്ടിന്റെ ഭാവം ഉള്‍ക്കൊണ്ട് ലയിച്ചു പാടിക്കൊണ്ടിരിക്കുകയാണ്. അഥവാ അതായിരുന്നു വിശ്വാസം. പിന്നെന്തായിരിക്കണം റഹ്‌മാന്‍ സാറിന് അങ്ങനെ തോന്നാന്‍ ?' ആലാപനം അടുത്ത ചരണത്തിലേക്ക് കടക്കവേ വീണ്ടും റഹ്‌മാന്റെ ചോദ്യം: 'എന്ത് പറ്റി? മൂഡ് ശരിയല്ല, അല്ലേ ? ആകെ അപ്‌സെറ്റ് ആയപോലെ. എന്താണ് പ്രശ്‌നം?' ഇത്തവണ ശരിക്കും ടെന്‍ഷനടിച്ചു പോയി ചിത്ര.
'സംഗീത സംവിധായകനെ കുറ്റം പറഞ്ഞുകൂടാ. സ്വന്തം സൃഷ്ടി ഗംഭീരമാകണം എന്ന ആഗ്രഹത്തോടെയാവുമല്ലോ നമ്മളെ പാടാന്‍ വിളിക്കുക. ആ പ്രതീക്ഷക്കൊത്ത് നമുക്ക് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് പരിഭവം തോന്നുക സ്വാഭാവികം.' പക്ഷേ എന്തുകൊണ്ടാണ് റഹ്‌മാന് അങ്ങനെയൊരു സംശയം ഉണ്ടായതെന്ന് ഇന്നുമറിയില്ല തനിക്കെന്ന് ചിത്ര. 'കഴിയുന്നത്ര നന്നായി പാട്ട് പാടിക്കഴിഞ്ഞിട്ടും ഉള്ളില്‍ വേവലാതി മാത്രം. ഈശ്വരാ, ഞാന്‍ പാടിയത് ശരിയായില്ലേ? അദ്ദേഹത്തിന് നിരാശ തോന്നിയിരിക്കുമോ? മൂന്നോ നാലോ തവണ ആവര്‍ത്തിച്ചു ചോദിച്ചതുകൊണ്ട് സ്വാഭാവികമായി തോന്നിയ സംശയം. പതിവില്ലാത്ത കാര്യമല്ലേ? '
റെക്കോര്‍ഡിംഗ് കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തിയിട്ടും ആശങ്ക മനസിനെ വിട്ടൊഴിയുന്നില്ല. യുഗ്മഗാനമാണ്. എങ്കിലും ആരാണ് കൂടെ പാടുന്നത് എന്നറിയില്ല. പടത്തിന്റെ ഓഡിയോ കാസറ്റ് പുറത്തിറങ്ങിയപ്പോഴാണ് സഹഗായകന്‍ ഹരിഹരന്‍ ആണെന്നറിഞ്ഞത്. അളവറ്റ ആകാംക്ഷയുണ്ടായിരുന്നു ആദ്യമായി പാട്ട് കേള്‍ക്കുമ്പോള്‍. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയണമല്ലോ. ആദ്യ കേള്‍വിയില്‍ കുഴപ്പമൊന്നും തോന്നിയില്ല. എങ്കിലും നല്ല അഭിപ്രായങ്ങള്‍ വന്നുതുടങ്ങിയപ്പോഴാണ് സമാധാനമായത്. പതുക്കെ പതുക്കെ പാട്ട് ഹിറ്റാകുകയും ചെയ്തു.
പിന്നീടൊരിക്കല്‍ റഹ്‌മാനോട് ചിത്ര നേരിട്ട് ചോദിച്ചിട്ടുണ്ട്; എന്തായിരുന്നു അന്നങ്ങനെ ഒരു സംശയം തോന്നാന്‍ കാരണമെന്ന്. അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്. അത്ഭുതം! അപ്പോഴേക്കും അങ്ങനെയൊരു സംഭവം തന്നെ മറന്നുപോയിരുന്നു അദ്ദേഹം. 'പക്ഷേ എനിക്ക് മറക്കാന്‍ പറ്റുമോ?'- ചിത്ര ചിരിക്കുന്നു.
ഓര്‍ക്കുക: മുപ്പത് വര്‍ഷത്തിനിപ്പുറവും സംഗീതാസ്വാദകരുടെ ചുണ്ടിലും മനസ്സിലുമുണ്ട് 'ലവ് ബേഡ്'സിലെ ആ ഗാനം. എ ആര്‍ റഹ്‌മാന്റെ, വൈരമുത്തുവിന്റെ, ചിത്രയുടെ, ഹരിജിയുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടിയ പാട്ട്. എന്റെയും ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളില്‍ ഒന്ന്. കാലമേറെ മാറിയിരിക്കാം; ജീവിതം മാറിമറിഞ്ഞിരിക്കാം; പ്രണയസങ്കല്പങ്ങള്‍ അടിമുടി ഉടച്ചുവാര്‍ക്കപ്പെട്ടിരിക്കാം. എങ്കിലെന്ത്? തലമുറകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് പ്രണയസുഗന്ധം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു ഇന്നും 'മലര്‍കള്‍.'
Content Highlights: The communicative down the instauration of `Malarkale` from the movie Love Birds.
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·