കഴിഞ്ഞമാസം ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തന്റെ ആദ്യ റൺ നേടിയപ്പോൾ വിരാട് കോലി കൈ ചെറുതായി ഉയർത്തി ആഘോഷിച്ചതു ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടുണ്ടാകില്ല. ആദ്യ 2 മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായ കോലിക്ക് അത്രമേൽ വിലപ്പെട്ടതായിരുന്നു ആ ഒരു റൺ. എന്നാൽ ഒരു മാസത്തിനു ശേഷം റാഞ്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ 52–ാം ഏകദിന സെഞ്ചറി നേടിയപ്പോൾ ആരാധകർ കാത്തിരുന്ന തന്റെ പതിവ് ആഘോഷം കോലി പുറത്തെടുത്തു. മുഷ്ടി ചുരുട്ടി വലതുകൈ വാനോളം ഉയർത്തി ആക്രോശത്തോടെ കുതിച്ചു ചാടുന്ന കോലി!
120 പന്തിൽ 135 റൺസ് നേടി മടങ്ങുമ്പോൾ തനിക്കുനേരേ ഉയർന്ന വിമർശനങ്ങൾക്കെല്ലാം തന്റെ ബാറ്റിലൂടെ കോലി മറുപടി നൽകിക്കഴിഞ്ഞിരുന്നു. 2023ൽ നടന്ന ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിലാണു കോലി അവസാനമായി ഇന്ത്യയിൽ ഏകദിന സെഞ്ചറി നേടിയത്. യുഎഇയിൽ ഈ വർഷമാദ്യം ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെയായിരുന്നു കോലിയുടെ ഇതിനു മുൻപത്തെ ഏകദിന സെഞ്ചറി.
വിന്റേജ് വിരാട്ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നലെ കണ്ടതു വിന്റേജ് കോലിയെയാണ്. പവർപ്ലേയിൽ 2 സിക്സ് നേടിയാണു കോലി തന്റെ ആക്രമണം ആരംഭിച്ചത്. ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മത്സരങ്ങളിൽ, ആദ്യമായാണ് കോലി പവർപ്ലേയിൽ 2 സിക്സ് നേടുന്നത്. ആദ്യ 10 ഓവറുകൾ അവസാനിക്കുമ്പോൾ 26 പന്തിൽ 30 റൺസ് കോലി നേടിയിരുന്നു.
പേസർ കോർബിൻ ബോഷ് എറിഞ്ഞ 17–ാം ഓവറിലെ 2–ാം പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ച് സിക്സ് നേടിയ കോലി തന്റെ 76–ാം ഏകദിന അർധ സെഞ്ചറി പൂർത്തിയാക്കി. ബോഷ് എറിഞ്ഞ അടുത്ത പന്തും സിക്സിനു പായിച്ച കോലി തന്റെ നയം വ്യക്തമാക്കി. 19–ാം ഓവർ അവസാനിക്കുമ്പോൾ 55 പന്തിൽ 64 റൺസായിരുന്നു കോലിക്ക്.
റിവേഴ്സ് ഗീയർ21–ാം ഓവറിൽ പേസർ മാർക്കോ യാൻസൻ എറിഞ്ഞ 2–ാം പന്തിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായതോടെ കോലിയുടെ സ്കോറിങ് വേഗവും കുറഞ്ഞു. പിന്നാലെയെത്തിയ ഋതുരാജ് ഗെയ്ക്‌വാദും വാഷിങ്ടൻ സുന്ദറും നിലയുറപ്പിക്കും മുൻപേ മടങ്ങിയതും കോലിയെ പിന്നോട്ടുവലിച്ചു. പിച്ചിന്റെ വേഗക്കുറവു മുതലെടുത്ത് സ്ലോ ബോളുകളുമായി ആക്രമണം കടുപ്പിച്ച ദക്ഷിണാഫ്രിക്കൻ പേസർമാർക്കെതിരെ സ്ട്രൈക്ക് റൊട്ടേഷൻ കൃത്യമായി നടപ്പാക്കുന്നതിലായിരുന്നു കോലിയുടെ ശ്രദ്ധ.
ഇതോടെ ബൗണ്ടറികൾ കുറഞ്ഞെങ്കിലും ഒരു എൻഡ് കോലി ഭദ്രമാക്കിവച്ചു. 31–ാം ഓവർ അവസാനിക്കുമ്പോൾ 83 പന്തിൽ 88 റൺസ് എന്ന നിലയിലായിരുന്നു കോലി.
തിരിച്ചടിക്യാപ്റ്റൻ കെ.എൽ.രാഹുലിനെ കൂട്ടുപിടിച്ചാണു കോലി പിന്നീടു സ്കോർ ഉയർത്തിയത്. 37–ാം ഓവറിൽ മാർക്കോ യാൻസൻ എറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയ കോലി ഏകദിന കരിയറിലെ 52–ാം സെഞ്ചറിയും രാജ്യാന്തര കരിയറിലെ 83–ാം സെഞ്ചറിയും സ്വന്തമാക്കി. 100 സെഞ്ചറി എന്ന മോഹദൂരത്തിലേക്ക് ഇനി 17 സെഞ്ചറികളുടെ അകലംകൂടി. സെഞ്ചറി നേട്ടത്തിനു പിന്നാലെ, അറ്റാക്കിങ് മോഡിലേക്കു കടന്ന കോലി, അടുത്ത 17 പന്തുകളിൽ നേടിയത് 33 റൺസാണ്.
കരുതലോടെ കളിച്ചിരുന്നെങ്കിൽ കരിയറിലെ ആദ്യ ഏകദിന ഇരട്ട സെഞ്ചറിയെന്ന നേട്ടം സ്വന്തമാക്കാൻ കോലിക്ക് അവസരമുണ്ടായിരുന്നു. എന്നാൽ സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ നാന്ദ്രെ ബർഗർക്കു വിക്കറ്റ് നൽകി കോലി മടങ്ങി; ഇനിയുമെത്രയോ അങ്കത്തിനുള്ള ബാല്യം തനിക്കു ബാക്കിയുണ്ടെന്ന ഓർമപ്പെടുത്തലുമായി...
സച്ചിനെ മറികടന്ന് കോലിരാജ്യാന്തര ക്രിക്കറ്റിൽ, ഒരു സിംഗിൾ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമായി വിരാട് കോലി. ഏകദിന ക്രിക്കറ്റിൽ 52 സെഞ്ചറികൾ പൂർത്തിയാക്കിയ കോലി, 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിൻ തെൻഡുൽക്കറിനെയാണ് മറികടന്നത്.
English Summary:








English (US) ·