പാരിസ് ∙ 20 വർഷം മുൻപ് ആദ്യമായി ചവിട്ടിയ റൊളാങ് ഗാരോസിന്റെ ചുവന്ന മണ്ണിലേക്കു റാഫേൽ നദാൽ വീണ്ടും വന്നു. അതുകണ്ട് കളിമണ്ണിന്റെ നിറമുള്ള ടീഷർട്ട് ധരിച്ച് ഗാലറിയെ ചുവപ്പിച്ച പതിനായിരത്തോളം ആരാധകർ ഒരുമിച്ച് ആർത്തു വിളിച്ചു: മെഴ്സി റാഫ! ആരാധക സ്നേഹത്തിനു മുന്നിൽ മനംനിറഞ്ഞ റാഫ വീണ്ടുമൊരിക്കൽക്കൂടി വികാരാധീനനായി, ആ കണ്ണുകൾ നിറഞ്ഞു. സജീവ ടെന്നിസിൽനിന്നു കഴിഞ്ഞ നവംബറിൽ വിരമിച്ച റാഫേൽ നദാലിനു ഫ്രഞ്ച് ഓപ്പണിന്റെ സ്നേഹസമ്മാനമായിരുന്നു ആ ചടങ്ങ്.
14 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീടമുയർത്തിയ സ്പാനിഷ് താരം നദാൽ ആദ്യമായി ആ മണ്ണിലേക്കു വന്നതിന്റെ 20–ാം വാർഷികം. 2005ൽ ബൽജിയത്തിന്റെ സേവ്യർ മലീസിനെതിരായ രണ്ടാം റൗണ്ട് മത്സരത്തിലായിരുന്നു റൊളാങ് ഗാരോസിൽ നദാലിന്റെ അരങ്ങേറ്റം.
ക്ലോക്കിൽ പ്രാദേശിക സമയം 6 മണിയായപ്പോൾ സെന്റർ കോർട്ട് ഗാലറിയിൽ ആരാധകർ സൃഷ്ടിച്ച മെക്സിക്കൻ തിരമാലകൾക്കു തുടക്കമായി. കറുത്ത സ്യൂട്ട് ധരിച്ചു നദാൽ ഗ്രൗണ്ടിലേക്ക്. പിന്നാലെ, നദാലിന്റെ ഫ്രഞ്ച് ഓപ്പൺ വിജയഗാഥ പറയുന്ന ഒരു ഷോർട്ട് ഫിലിം. ഗാലറികൾ നിശ്ശബ്ദമായി അതു കണ്ടു. ഗാലറിയിൽ ചുവപ്പു ടീഷർട്ട് ധരിച്ചവരുടെ കൂട്ടത്തിൽ ഫ്രഞ്ച് ഓപ്പണിൽ നിലവിലെ ജേതാക്കളായ കാർലോസ് അൽകാരസും ഇഗ സ്യാംതെക്കും.
സെന്റർ കോർട്ടിന്റെ ഒരു വശത്ത് നദാലിന്റെ പാദമുദ്രകൾ അനാവരണം ചെയ്യപ്പെട്ടു. റൊളാങ് ഗാരോസിന്റെ ഇതിഹാസനായകനു കാലം മായ്ക്കാത്ത സ്മാരകമായി അത്. പിന്നാലെ കോർട്ടിന്റെ മറുപുറത്തുനിന്ന് നദാലിന്റെ പഴയ എതിരാളികളായ 3 പേർ അടുത്തേക്കു വന്നു. റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, ആൻഡി മറെ. അവരോടു കുറച്ചുനേരം സ്വകാര്യസംഭാഷണം. പന്നാലെ, നിറഞ്ഞ കണ്ണുകളുമായി നദാൽ സംസാരിച്ചുതുടങ്ങി.
ഫ്രഞ്ചിൽ തുടങ്ങി ഇംഗ്ലിഷിലേക്കു വഴിമാറിയ സംഭാഷണത്തിൽ നദാൽ തന്റെ കുടുംബാംഗങ്ങൾക്കും പരിശീലകർക്കും എതിരാളികൾക്കും സ്പോൺസർമാർക്കുമെല്ലാം നന്ദി പറഞ്ഞു. പരുക്കുകളോടു പടപൊരുതി കളിക്കളത്തിലേക്കു തിരികെ വന്നതു നദാൽ അനുസ്മരിച്ചപ്പോൾ ഗാലറിയിൽ നെടുനിശ്വാസങ്ങളുയർന്നു.
‘2004ൽ എനിക്ക് കാലിലെ പരുക്കുമൂലം നടക്കാൻ പറ്റില്ലായിരുന്നു. എങ്കിലും ക്രച്ചസിൽ ഞാൻ ഗാലറിയുടെ മുകൾ നിലയിൽ വരെയെത്തി. പിറ്റേവർഷം എനിക്കിവിടേക്കു തിരിച്ചു വരേണ്ടതുണ്ടായിരുന്നു’– പരുക്കിനെ തോൽപിച്ചാണു താൻ ഫ്രഞ്ച് ഓപ്പണിൽ 19–ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചതെന്നു നദാൽ ഓർമിപ്പിച്ചു.
‘ഫെഡററും ജോക്കോവിച്ചും മറെയുമില്ലായിരുന്നെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല. 2 പേർ മാത്രമാണ് എതിരാളികളെങ്കിൽ ഒരാൾക്കു പരുക്കേറ്റാൽ പോലും നമ്മൾ അലസരായി മാറും. ഇതുപക്ഷേ ഒരാളില്ലെങ്കിൽ മറ്റൊരാൾ എന്ന മട്ടിൽ 3 പേരുണ്ടാകുമ്പോൾ പോരാട്ടവീര്യം കൂടുകയല്ലേ ചെയ്യൂ’– നദാൽ പറഞ്ഞു. സ്പെയിൻകാരനായ തന്നെ ദത്തെടുത്ത ഫ്രാൻസിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു നദാൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ‘മെഴ്സി ലാ ഫ്രാൻസ്, മെഴ്സി പാരിസ്!’
∙ 6 മാസമായി റാക്കറ്റ് തൊട്ടിട്ടില്ല: നദാൽ
കരിയറിലെ അവസാന മത്സരം കഴിഞ്ഞു ടെന്നിസ് കോർട്ട് വിട്ട് 6 മാസത്തിനുള്ളിൽ ഒരിക്കൽപോലും ടെന്നിസ് റാക്കറ്റ് തൊട്ടിട്ടില്ലെന്നു റാഫേൽ നദാൽ. ടെന്നിസ് കളിക്കുന്ന കാലത്ത് ഒട്ടേറെത്തവണ ഞാൻ പരുക്കിന്റെ പിടിയിൽ വീണു പോയി. അപ്പോഴെല്ലാം അടങ്ങാത്ത ആഗ്രഹത്തോടെ ഞാൻ തിരിച്ചുവന്നു. ഓരോ തവണ കോർട്ടിൽ നിന്നപ്പോഴും ഞാൻ തോൽവി ഭയന്നു. എനിക്ക് ഇത്രയും വലിയ നേട്ടങ്ങളുണ്ടായത് ആ ചിന്തയുടെ തുടർച്ചയായാണ് എന്നു കരുതുന്നു.
ഞാനൊരിക്കലും എന്നെ വലുതായി കണ്ടില്ല. വിനയം കൊണ്ടു പറയുന്നതല്ല, അതായിരുന്നു സത്യം. അതുമൂലം കരിയറിലെ ആദ്യ മത്സരം മുതൽ അവസാന മത്സരം വരെ എനിക്കു ജയിക്കാൻ അദമ്യമായ ആഗ്രഹമുണ്ടായി. അതിന്റെ ഫലമാണി വിജയങ്ങൾ’’– നദാൽ പറഞ്ഞു. 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളടക്കം 22 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയ നദാൽ കഴിഞ്ഞ നവംബറിലാണു വിരമിച്ചത്.
English Summary:








English (US) ·