22 August 2025, 05:27 PM IST

വിജയ്, റാമ്പിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്ന ആരാധകനെ ബൗൺസർ തടയുന്നു | ഫോട്ടോ: PTI, Screengrab
മധുര: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ. 2026-ലെ തമിഴ്നാട് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് ആരാധകരെ ആകർഷിക്കുന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മധുരയിൽ നിരവധി ആരാധകർ പങ്കെടുത്ത പാർട്ടി റാലിയും അരങ്ങേറി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിജയ്‌യെ അടുത്തുകാണാൻ നിരവധി ആരാധകരാണ് സുരക്ഷാവലയം ഭേദിച്ച് വേദിയോടുചേർന്നുള്ള റാമ്പിലേക്ക് എടുത്തുചാടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മധുര-തൂത്തുക്കുടി ദേശീയപാതയിൽ എലിയാർപതി ടോൾ ബൂത്തിന് സമീപം 500 ഏക്കർ വിസ്തൃതിയിലുളള മൈതാനത്ത് ഒരുക്കിയ പ്രത്യേകവേദിയിലാണ് ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. വേദിയുടെ മധ്യത്തിലൂടെ നിർമിച്ച 300 മീറ്റർ നീളമുള്ള റാമ്പിലൂടെ നടന്നാണ് വിജയ് തന്റെ അനുയായികളെ അഭിസംബോധന ചെയ്തത്. തനിക്ക് ലഭിച്ച മാലകളും മറ്റും അദ്ദേഹം തിരികെ ആരാധകരുടെ നടുവിലേക്ക് തന്നെ സ്റ്റൈലായി എറിഞ്ഞുകൊടുത്തു. വിജയ്‌യോടുള്ള ആരാധനയോടെ മുന്നോട്ട് കുതിച്ചെത്തിയ അണികളെ തടയാൻ റാമ്പിന്റെ ഇരുവശത്തും നിലയുറപ്പിച്ച നൂറുകണക്കിന് ബൗൺസർമാർ നന്നേ പണിപ്പെട്ടു.
ഒന്നരലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താരത്തിന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയുമായിരുന്നു പ്രത്യേക അതിഥികൾ. വേദിയിലേക്ക് വിജയ് എത്തിയപ്പോൾ അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ഗാനം മുഴങ്ങിയിരുന്നു. തുടർന്ന് പാർട്ടിയുടെ പ്രത്യയശാസ്ത്ര നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തുകയും പാർട്ടി പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് സിനിമാ സ്റ്റൈലിൽത്തന്നെ പ്രസംഗിച്ചു. താൻ ഏതു മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കിയില്ലെങ്കിലും മധുരയായിരിക്കും ടിവികെയുടെ തട്ടകമെന്ന സൂചന വിജയിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.
ദുർഭരണവും അഴിമതിയും കപടവാഗ്ദാനങ്ങളുമാണ് ഡിഎംകെ സർക്കാരിന്റെ മുഖമുദ്ര. സമസ്ത വിഭാഗങ്ങളെയും ഡിഎംകെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. പാർട്ടിസ്ഥാപകൻ എംജിആറിന്റെ ആശയങ്ങൾക്കു വിരുദ്ധമായാണ് അണ്ണാ ഡിഎംകെ പ്രവർത്തിക്കുന്നതെന്ന് വിജയ് കുറ്റപ്പെടുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും ക്ഷേമമായിരിക്കും ടിവികെയുടെ മുൻഗണന. കാട്ടിൽ കുറുക്കന്മാരും മറ്റു മൃഗങ്ങളും ധാരാളമുണ്ടാവുമെങ്കിലും തനിച്ചു നിൽക്കുകയാണെങ്കിലും സിംഹം ഒന്നുമതിയെന്ന് വിജയ് പറഞ്ഞു.
4.50-ന് വേദിയിലെത്തിയ വിജയിന്റെ പ്രസംഗം 35 മിനിറ്റ് നീണ്ടു. ഓഗസ്റ്റ് 25-ന് നടത്താനിരുന്ന സമ്മേളനം പോലീസിന്റെ നിർദേശം പരിഗണിച്ച് നേരത്തേയാക്കുകയായിരുന്നു.
Content Highlights: Actor Vijay's Political Rally Draws Massive Crowds successful Madurai Ahead of 2026 Tamil Nadu Elections
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·