‘റിട്ടയർഡ് ഹർട്ടിൽ’നിന്ന് ഒരു ഒന്നൊന്നര കം ബാക്! രാഹുലിന്റെ (174*) കിടിലൻ സെഞ്ചറി, ഓസീസിന്റെ റൺമല കീഴടക്കി ഇന്ത്യ

3 months ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 26, 2025 02:48 PM IST

1 minute Read

കെ.എൽ.രാഹുൽ (X/@Sportskeeda)
കെ.എൽ.രാഹുൽ (X/@Sportskeeda)

ലക്നൗ ∙ തിരിച്ചുവരവെന്ന് പറഞ്ഞാൽ ഇതാണ്, ഇന്നലെ ‘റിട്ടയർ ഹർട്ട്’ ആയി ഡഗൗട്ടിലേക്ക് മടങ്ങിയ കെ.എൽ.രാഹുൽ ഇന്നു ക്രിസീലേക്ക് തിരിച്ചെത്തിയത് വർധിത ഊർജത്തോടെയാണ്. ആ പോരാട്ടവീര്യത്തിൽ രാഹുൽ ബാറ്റു വീശിയപ്പോൾ ഇന്ത്യയ്ക്കു മുന്നിൽ കീഴടങ്ങിയത് ഓസ്ട്രേലിയ പടുത്തുയർത്തിയ റൺമലയും. കെ.എൽ.രാഹുലിന്റെയും (210 പന്തിൽ 176*) സായ് സുദർശന്റെയും (172 പന്തിൽ 100) കിടിലൻ സെഞ്ചറികളുടെയും ക്യാപ്റ്റൻ ധ്രുവ് ജുറേലിന്റെ (66 പന്തിൽ 56) അർധസെഞ്ചറിയുടെയും ബലത്തിൽ ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് മിന്നും ജയം.

ഓസ്ട്രേലിയ എ ഉയർത്തിയ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ, അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ചതുർദിന മത്സരത്തിന്റെ അവസാന ദിവസമാണ് കൂറ്റൻ ലക്ഷ്യം ഇന്ത്യ മറികടന്നത്. രണ്ടാം ഇന്നിങ്സിൽ, 2 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, തുടക്കത്തിൽ തന്നെ മാനവ് സുഥാറിനെ (5) നഷ്ടമായി. പിന്നാലെയാണ്, ഇന്നലെ പരുക്കേറ്റ് മടങ്ങിയ കെ.എൽ.രാഹുൽ ക്രീസിലേക്ക് തിരിച്ചെത്തിയത്. നാലാം വിക്കറ്റിൽ ഒന്നിച്ച രാഹുലും സുദർശനും ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. നാല് സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ‘ക്ലാസിക്’ ഇന്നിങ്സ്. ആദ്യ ഇന്നിങ്സിൽ 24 പന്തിൽ 11 റൺസ് മാത്രമെടുത്തു പുറത്തായതിന്റെ ‘ക്ഷീണം’ എല്ലാ രീതിയിലും മാറ്റുന്നതായിരുന്നു രാഹുലിന്റെ ബാറ്റിങ്.

മറുവശത്ത് സായ് സുദർശനും ഉറച്ചപിന്തുണ നൽകിയതോടെ റൺമല ഇന്ത്യ അതിവേഗം ചവിട്ടികയറി. ഒരു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു സായ്‌യുടെ ഇന്നിങ്സ്. സെഞ്ചറി തികച്ചതിനു തൊട്ടുപിന്നാലെ സായ് പുറത്തായെങ്കിലും പിന്നാലെത്തിയ ധ്രുവ് ജുറേലിന്റെ ബാറ്റിങ് ഇന്ത്യയുടെ സ്കോറിങ് വേഗം കൂട്ടി. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ജുറേൽ, മൂന്നു സിക്സും അഞ്ചു ഫോറും പറത്തി. ലക്ഷ്യത്തിന് അടുത്തത്തെറായപ്പോൾ ജുറേൽ ഔട്ടായെങ്കിലും പിന്നീടെത്തിയ നിതീഷ് കുമാർ റെഡ്ഡിയുമായി (14 പന്തിൽ 16*) ചേർന്ന് രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 420 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ എ, ആദ്യ ഇന്നിങ്സിൽ 194ന് ഓൾഔട്ടായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 185 റൺസിന് ഇന്ത്യ പുറത്താക്കി. ആദ്യ ഇന്നിങ്സിൽ 226 റൺസ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിലെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്കോർ: ഓസ്ട്രേലിയ എ 420, 185, ഇന്ത്യ എ 194, 413–5

English Summary:

KL Rahul's magnificent period led India A to a stunning triumph against Australia A successful the unofficial trial match. Supported by Sai Sudharsan's period and Dhruv Jurel's assertive half-century, India chased down a formidable target.

Read Entire Article