Published: May 17 , 2025 11:06 AM IST
1 minute Read
മുംബൈ∙ കാർ പുറകോട്ട് എടുക്കുമ്പോൾ ഉരഞ്ഞതിന്റെ പേരിൽ സഹോദരനോട് ചൂടായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ‘രോഹിത് ശർമ സ്റ്റാൻഡ്’ തുറക്കുന്ന ചടങ്ങിലേക്കു കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രോഹിത്. കാറിന്റെ ഒരു ഭാഗത്തേക്കു ചൂണ്ടി ഇതെന്താണെന്ന് സഹോദരൻ വിശാലിനോട് രോഹിത് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘റിവേഴ്സ്’ എടുക്കുമ്പോൾ സംഭവിച്ചുപോയതാണെന്നു സഹോദരൻ പറഞ്ഞെങ്കിലും അതും രോഹിത് ശർമയ്ക്കു രസിച്ചില്ല.
വിശാലിനോടു കുറച്ചുനേരം തർക്കിച്ച ശേഷമാണ് രോഹിത് സ്റ്റേഡിയത്തിൽനിന്നു മടങ്ങിയത്. കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ച രോഹിത് ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇനി കളിക്കുക. ഐപിഎലിന്റെ ഭാഗമായി മുംബൈ ഇന്ത്യൻസിൽ തുടർന്നും കളിക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തം പേരിൽ ഒരു സ്റ്റാൻഡ് ഉള്ളത് വലിയ സന്തോഷം നൽകുന്നുവെന്ന് രോഹിത് പ്രതികരിച്ചു.
‘‘വാങ്കഡെ സ്റ്റേഡിയം എനിക്ക് വളരെ സ്പെഷലാണ്. പ്രഫഷനൽ ക്രിക്കറ്റിൽ ഞാൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നത് ഇവിടെ വച്ചാണ്. മുംബൈയിലെ ആരാധകരുടെ ഊർജം എനിക്ക് എപ്പോഴും ആവേശമാണ്. ഈ സ്റ്റേഡിയത്തിൽ എന്റെ പേരിൽ ഒരു സ്റ്റാൻഡ് ഉണ്ടാകുന്നതിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനോടുള്ള നന്ദി അറിയിക്കുകയാണ്.’’– രോഹിത് ശർമ ചടങ്ങിൽ പ്രതികരിച്ചു.
English Summary:








English (US) ·