Published: October 21, 2025 11:46 AM IST
1 minute Read
ലഹോര്‍∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയിലെ ‘കസേരകളി’ തുടരുന്നു. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മുഹമ്മദ് റിസ്‍വാനെ മാറ്റി, പേസർ ഷഹീൻ ഷാ അഫ്രീദിയെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റിസ്‍വാൻ ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്തത്. ബാബർ അസമിന്റെ രാജിയോടെയായിരുന്നു മുഹമ്മദ് റിസ്‍വാന്റെ നായക സ്ഥാനത്തേക്കുള്ള ‘പ്രമോഷൻ’. എന്നാൽ അധികം വൈകാതെ റിസ്‍വാനെ പിസിബി നീക്കുകയായിരുന്നു.
അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് ഷഹീൻ പാക്കിസ്ഥാനെ നയിക്കുക. റിസ്‍വാന്റെ കീഴിൽ ചാംപ്യൻസ് ട്രോഫി കളിക്കാനിറങ്ങിയ പാക്കിസ്ഥാൻ ഗ്രൂപ്പ് എയിൽ ഇന്ത്യ, ന്യൂസീലൻഡ്, ബംഗ്ലദേശ് ടീമുകള്‍ക്കു പിന്നിലായാണു ഫിനിഷ് ചെയ്തത്. പരിശീലകൻ മൈക്ക് ഹെസന്‍ ഉൾപ്പടെ പങ്കെടുത്ത സിലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ക്യാപ്റ്റനെ മാറ്റാൻ തീരുമാനിച്ചതെന്ന് പിസിബി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഷഹീൻ അഫ്രീദി പാക്ക് ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായിരുന്നെങ്കിലും വൈകാതെ പുറത്തായിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ 4–1ന് തോറ്റതോടെയായിരുന്നു ഷഹീന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. അതേസമയം റിസ്‍വാന്റെ മതപരമായ താൽപര്യങ്ങളും പലസ്തീൻ വിഷയത്തിലെ നിലപാടുകളുമാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമെന്ന് പാക്ക് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് ആരോപിച്ചു. പലസ്തീനെ പരസ്യമായി പിന്തുണച്ച റിസ്‍വാനെ മൈക്ക് ഹെസൻ ഇടപെട്ടാണ് പുറത്താക്കിയതെന്നും ലത്തീഫ് ആരോപിച്ചു.
‘‘മൈക്ക് ഹെസനാണ് ഈ തീരുമാനത്തിനു പിന്നിൽ. പാക്ക് ഡ്രസിങ് റൂമിലെ മതപരമായ രീതികൾ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല എന്നതു വ്യക്തമാണ്. റിസ്‍വാന്‍ കൊണ്ടുവന്ന ഡ്രസിങ് റൂം സംസ്കാരം അവസാനിപ്പിക്കാൻ പരിശീലകൻ ആഗ്രഹിക്കുന്നുണ്ട്.’’– റാഷിദ് ലത്തീഫ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന പാക്ക് സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസ് താരങ്ങൾ അടിക്കുന്ന ഓരോ സിക്സിനും വിക്കറ്റിനും ഒരു ലക്ഷം പാക്കിസ്ഥാനി രൂപ വീതം പലസ്തീനു നൽകുമെന്ന് റിസ്‍വാൻ പ്രഖ്യാപിച്ചിരുന്നു.
English Summary:








English (US) ·