റീ റിലീസുകളിൽ പ്രിയം ആഘോഷചിത്രങ്ങൾക്ക്, തേന്മാവിൻ കൊമ്പത്തും രാവണപ്രഭുവും 20-20യും വരുന്നുണ്ട്

6 months ago 7

Ravanaprabhu

രാവണപ്രഭു എന്ന ചിത്രത്തിൽനിന്നൊരു രം​ഗം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

റീമാസ്റ്റർചെയ്ത് റീ റിലീസുചെയ്യുന്ന ചിത്രങ്ങളിൽ ഇനി ആഘോഷ സിനിമകൾ പ്രതീക്ഷിച്ചാൽ മതി. രണ്ടുവർഷത്തിനിടെ മലയാളത്തിൽ റീ റിലീസ് ചെയ്തവയിൽ 'ക്ലാസ്' വിഭാഗങ്ങളെക്കാൾ ജനപ്രീതി നേടിയത് 'അടിപൊളി' സിനിമകൾ. അതിനാൽ സിനിമകൾ റീമാസ്റ്റർചെയ്ത് റീ റിലീസുചെയ്യുന്നവരും അത്തരം ആഘോഷസിനിമകൾമാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയെന്നാണ് വിവരം.

രണ്ട് വർഷത്തിനിടെ എട്ട് സിനിമകൾ റീ റിലീസ് ചെയ്തതിൽ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്ഫടികം, ഛോട്ടാ മുംബൈ എന്നീ സിനിമകൾമാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കിയത്. ഇവയ്ക്കെല്ലാം മൂന്ന് കോടിക്ക്‌ മുകളിൽ കളക്ഷൻ ലഭിച്ചു.

റീ റിലീസ് ചെയ്തവയിൽ അഞ്ച് സിനിമകൾ വലിയ ചെലവിൽ പഴയ ഫിലിമിൽ നിന്നു റീമാസ്റ്റർ ചെയ്തെടുത്തതാണ്. തിയേറ്റർ റിലീസിന് ഒരു സിനിമ മികച്ച നിലവാരത്തിൽ റീമാസ്റ്റർചെയ്ത് ഫോർ കെ പതിപ്പാക്കാൻ ഒരു കോടിയിലധികം രൂപ വേണം. അതിനാൽ, ചെലവാകുന്ന തുക തിരികെ ലഭിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാനാണ് ഇപ്പോൾ ഈ മേഖലയിലുള്ളവർ ശ്രമിക്കുന്നത്.

തേന്മാവിൻ കൊമ്പത്ത്, രാവണപ്രഭു, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളുടെ ഫോർ കെ റീമാസ്റ്ററിങ് ജോലികൾ നടക്കുന്നു. ഇവയുടെ റീ റിലീസ് ഈ വർഷം തന്നെ പ്രതീക്ഷിക്കാം. 'അടിപൊളി' വിഭാഗത്തിൽ വരാത്ത പല ചിത്രങ്ങളും റീമാസ്റ്റർചെയ്ത് റിലീസ് ചെയ്യാൻ ചർച്ചകൾ നടന്നിരുന്നു. എന്നാൽ അത്തരം സിനിമകൾക്ക് സാമ്പത്തികമായി ലാഭമുണ്ടാക്കാൻ സാധിക്കില്ലെന്ന ചിന്ത ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുകയാണ്.

ആഘോഷിക്കാനാണ് റീ റിലീസ് സിനിമകൾ കാണാൻ കൂടുതൽ പ്രേക്ഷകരും തിയേറ്ററിൽ എത്തുന്നതെന്ന് സിനിമകൾ റീമാസ്റ്റർ ചെയ്ത കമ്പനിയായ മാറ്റിനി നൗവിന്റെ ഉടമ സോമദത്തൻപിള്ള പറഞ്ഞു. പഴയ ചിത്രങ്ങൾ മികച്ച നിലവാരത്തിലേക്ക് മാറ്റിയതിന്റെ ഭംഗി ആസ്വദിക്കുന്നതിനേക്കാൾ, അടിപൊളി പാട്ടുകളും സീനുകളും കാണാനാണ് കൂടുതൽ പേരും എത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, തിയേറ്റർ റിലീസിനുള്ള റീ മാസ്റ്ററിങ്ങിനെക്കാൾ ചെലവ് കുറവാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള റീ മാസ്റ്ററിങ്ങിന്. അതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനിയും സിനിമകൾ പ്രതീക്ഷിക്കാം.

Content Highlights: Remastered Malayalam movie re-releases are focusing connected blockbuster hits

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article