Published: January 05, 2026 03:32 PM IST
1 minute Read
സിഡ്‌നി ∙ ആഷസ് അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 384 റൺസിനു പുറത്ത്. ജോ റൂട്ടിന്റെ (160) 41–ാം ടെസ്റ്റ് സെഞ്ചറിയുടെയും ഹാരി ബ്രൂക്കിന്റെ അർധസെഞ്ചറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിൽ, സെഞ്ചറിയിലേക്ക് കുതിക്കുന്ന ഓപ്പണർ ട്രാവിസ് ഹെഡിന്റെ (91*) ബാറ്റിങ് മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറിനേക്കാൾ 218 റൺസ് പിന്നിൽ. ജെയ്ക് വെതറാൾഡ് (21), മാർനസ് ലാബുഷെയ്ൻ (48) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. വിരമിക്കൽ മത്സരം കളിക്കുന്ന ഉസ്മാൻ ഖവാജ ഓപ്പണറാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മൂന്നാം ദിനം ഓസീസിന്റെ ശേഷിക്കുന്ന എട്ടു വിക്കറ്റുകൾ വീഴ്ത്തി ഒന്നാം ഇന്നിങ്സ് ലീഡ് നേടുകയാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
3ന് 211 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന്, തുടക്കത്തിൽ തന്നെ ഹാരി ബ്രൂക്കിന്റെ (84) വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സംപൂജ്യനായി പുറത്തായെങ്കിലും ഏഴാമനായി ഇറങ്ങിയ ജെയ്മി സ്മിത്തുമായി (48) ചേർന്ന് ജോ റൂട്ട് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനിടെ ടെസ്റ്റ് കരിയറിലെ 41–ാം സെഞ്ചറിയും റൂട്ട് കുറിച്ചു. ഈ പരമ്പരയിൽ റൂട്ടിന്റെ രണ്ടാം സെഞ്ചറിയാണ് ഇത്. ഇതോടെ ടെസ്റ്റ് സെഞ്ചറികളുടെ കണക്കിൽ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി റൂട്ട്. ജാക് കാലിസ് (45), സച്ചിൻ തെൻഡുൽക്കർ (51) എന്നിവർ മാത്രമാണ് ഇനി റൂട്ടിനു മുന്നിലുള്ളത്.
സ്മിത്തു പുറത്തായതിനു പിന്നാലെ എത്തിയ വിൽ ജാക്സുമായി (27) ചേർന്നും റൂട്ട് 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അവസാന മൂന്നു വിക്കറ്റുകൾ വെറും രണ്ടു റൺസെടുക്കുന്നതിനിടെ നഷ്ടപ്പെട്ടതോടെ 400 കടക്കാതെ ഇംഗ്ലണ്ട് ഓൾഔട്ടാകുകയായിരുന്നു. ഓസീസിനു വേണ്ടി മൈക്കൽ നെസർ നാല് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളൻഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·