
Photo: Screengrab/ x.com/StarSportsIndia/
ബര്‍മിങ്ങാം: രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് പേസര്‍ ആകാശ് ദീപിന് അവസരം ലഭിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ആകാശ് രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ രണ്ടു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. ഇതില്‍ ഇന്നിങ്‌സിന്റെ 11-ാം ഓവറില്‍ ജേ റൂട്ടിന്റെ കുറ്റി തെറിപ്പിച്ച ആകാശിന്റെ പന്തിനെ എല്ലാവരും അഭിനന്ദിച്ചിരുന്നു. റൂട്ടിന്റെ ക്ലാസിലുള്ള ഒരു ബാറ്ററെ ഒരു പേസര്‍ നിഷ്പ്രഭനാക്കിക്കളയുന്നത് അപൂര്‍വമാണ്. അത്തരത്തില്‍ ഒരു പന്തായിരുന്നു അത്. ആകാശ് എറിഞ്ഞ പന്തിന്റെ ലൈനും ലെങ്തും ആംഗിളും മനസിലാക്കുന്നതില്‍ റൂട്ട് പരാജയപ്പെട്ടു. എന്നിരുന്നാലും ഈ വിക്കറ്റ് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയാണ് ഇപ്പോള്‍.
റൂട്ടിനെ പുറത്താക്കിയ ആകാശിന്റെ പന്ത് നോബോളാണെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്ററും ബിബിസിയുടെ കമന്റേറ്ററുമായ ആലിസണ്‍ മിച്ചലിന്റെയും ഒരു വിഭാഗം ആരാധകരുടെയും ആരോപണം.
ബിബിസി ടിഎംഎസിലെ കമന്ററിക്കിടെയാണ് ആലിസണ്‍ മിച്ചല്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ക്രീസില്‍ നിന്ന് വളരെ വൈഡായിട്ടാണ് ആകാശ് ആ പന്ത് എറിഞ്ഞിട്ടുള്ളത്. പന്തെറിയുമ്പോള്‍ ആകാശിന്റെ പിന്‍കാല്‍ റിട്ടേണ്‍ ക്രീസിനു (ബാക്ക് ക്രീസി) രണ്ട് ഇഞ്ചോളം പുറത്തായാണ് ലാന്‍ഡ് ചെയ്തതെന്നാണ് ആലിസണ്‍ പറയുന്നത്. അതായത് നിയമപ്രകാരം പന്തെറിയുമ്പോള്‍ റിട്ടേണ്‍ ക്രീസിനുള്ളില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ആകാശിന്റെ പിന്‍കാല്‍ ലൈനിന് രണ്ട് ഇഞ്ചോളം പുറത്തായിട്ടാണ് ലാന്‍ഡ് ചെയ്തിരുന്നത്. ആകാശിന്റെ കാല്‍ പോപ്പിങ് ക്രീസിനുള്ളില്‍ തന്നെയായിരുന്നു. പക്ഷേ പിന്‍കാല്‍ റിട്ടേണ്‍ ക്രീസില്‍ സ്പര്‍ശിച്ചിരുന്നു എന്നാണ് ആലിസന്റെ ആരോപണം. ഒരു വിഭാഗം ആരാധകരും ഇത് ഏറ്റെടുത്തു.
എന്നാല്‍ റിട്ടേണ്‍ ക്രീസില്‍ സ്പര്‍ശിച്ചിരുന്നെങ്കിലും പന്ത് കൈയില്‍ നിന്ന് റിലീസ് ചെയ്യുമ്പോള്‍ ആകാശിന്റെ കാല്‍ ക്രീസിനുള്ളിലാണെന്നും അതിനാല്‍ നോബോള്‍ അല്ലെന്നുമാണ് സഹകമന്റേറ്ററായിരുന്ന രവി ശാസ്ത്രി ആലിസണ് മറുപടി നല്‍കിയത്.
മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ (എംസിസി) നിയമം പറയുന്നത്,
21.5.1 - ബൗള്‍ ചെയ്യുമ്പോള്‍, ബൗളറുടെ പിന്‍കാല്‍ റിട്ടേണ്‍ ക്രീസിനുള്ളിലായിരിക്കണം. റിട്ടേണ്‍ ക്രീസില്‍ സ്പര്‍ശിക്കാനോ അതിനപ്പുറം പോകാനോ പാടില്ല. അതുപോലെ, മുന്‍കാല്‍ പോപ്പിങ് ക്രീസിനുള്ളിലായിരിക്കണം, ക്രീസിന് പുറത്തായിരിക്കരുത്. ഈ രണ്ട് നിബന്ധനകളും പാലിച്ചാല്‍ മാത്രമേ ഒരു പന്ത് നിയമപരമായി കണക്കാക്കൂ.
21.5.2 - ബൗളറുടെ മുന്‍കാലിന്റെ കുറച്ച് ഭാഗമെങ്കിലും പോപ്പിങ് ക്രീസിന് പിന്നില്‍ പതിക്കണം. അതുപോലെ ബൗളറുടെ മുന്‍കാലിന്റെ കുറച്ച് ഭാഗമെങ്കിലും നിലത്തുറപ്പിച്ച നിലയിലോ അല്ലെങ്കില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നിലയിലോ മിഡില്‍ സ്റ്റമ്പുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖയുടെ അതേ വശത്തായിരിക്കണം.
Content Highlights: Akash Deep`s transportation dismissing Joe Root sparks debate








English (US) ·