
സെഞ്ചുറി നേടിയതിൻറെ ആഹ്ലാദം ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമായി പങ്കിടുന്ന ജോ റൂട്ട് | PTI
മാഞ്ചെസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ മികച്ച ലീഡുയർത്തി ഇംഗ്ലണ്ട്. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ 135 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഇതോടെ ഇംഗ്ലണ്ടിന് 186 റൺസിന്റെ ലീഡ്. സെഞ്ചുറിത്തിളക്കവുമായി ജോ റൂട്ടും (150) അർധ സെഞ്ചുറി മികവോടെ ഒലീ പോപ്പും (71) ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് വഴിനടത്തിയത്. ലാം ഡോസനും (21) ബെൻ സ്റ്റോക്സും (77) ആണ് ക്രീസിൽ.
റൂട്ടും ഒലീ പോപ്പും ചേർന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് വെള്ളിയാഴ്ച ഇന്ത്യക്ക് തിരിച്ചടിയായത്. ഒലീ പോപ്പ് 71 റൺസെടുത്ത് ആദ്യം പുറത്തായി. വാഷിങ്ടൺ സുന്ദറിനാണ് വിക്കറ്റ്. ടീം സ്കോർ 197-ൽ ഒരുമിച്ച കൂട്ടുകെട്ട് 341-ലാണ് പിരിഞ്ഞത്. 144 റൺസിന്റെ കൂട്ടുകെട്ട്. ഇതിനിടെ ഹാരി ബ്രൂക്ക് (3) കാര്യമായ പ്രകടനം നടത്താതെ പുറത്തായി. വാഷിങ്ടണ് തന്നെയാണ് വിക്കറ്റ്.
പിന്നീട് റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും തമ്മിലായി ഇന്ത്യയെ വലച്ച അടുത്ത കൂട്ടുകെട്ട്. അഞ്ചാംവിക്കറ്റിൽ ഇരുവരും ചേർന്ന് 150 റൺസ് പടുത്തതോടെ ഇന്ത്യ വലിയ ലീഡ് വഴങ്ങി. ടീം സ്കോർ 499-ൽ നിൽക്കേ രവീന്ദ്ര ജഡേജയെറിഞ്ഞ ഓവറിൽ ധ്രുവ് ജുറേൽ സ്റ്റമ്പുചെയ്ത് റൂട്ടറുത്തു. അപ്പോഴേക്ക് റൂട്ട് 248 പന്തിൽ 150 റൺസും ടെസ്റ്റിൽ ഒട്ടേറെ റെക്കോഡുകളും സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
ഇതിനിടെ നന്നായിക്കളിച്ചുകൊണ്ടിരുന്ന ബെൻ സ്റ്റോക്സ് സ്വന്തം സ്കോർ 66-ൽ നിൽക്കേ റിട്ടയേഡ് ഹർട്ടായി മടങ്ങി. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ദേഹത്ത് കൊണ്ടതിനെത്തുടർന്ന് താരം മടങ്ങിപ്പോവാൻ നിർബന്ധിതനാവുകയായിരുന്നു. പിന്നീട് ക്രീസിൽ തിരിച്ചെത്തി. നേരത്തേ ഇന്ത്യൻ താരം ഋഷഭ് പന്തും റിട്ടയേഡ് ഹർട്ടായി മടങ്ങിയിരുന്നു.
വിക്കറ്റ് കീപ്പർ ജെമീ സ്മിത്തും (9) ക്രിസ് വോക്സും (4) കാര്യമായ ചെറുത്തുനിൽപ്പൊന്നുമില്ലാതെ കളംവിട്ടു. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടിയപ്പോൾ അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തേ ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് 166 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇരുവരും ഇന്ത്യൻ ബൗളർമാർക്കു മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 166 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സാക് ക്രോളിയെ (113 പന്തിൽ 84) പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കെ.എൽ. രാഹുലിന് ക്യാച്ചായാണ് മടക്കം.
മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റുവീശിക്കൊണ്ടിരുന്ന ബെൻ ഡക്കറ്റ് സെഞ്ചുറിക്കരികേ, 94 റൺസിൽ പുറത്തായി. 100 പന്തുകളിൽനിന്നാണ് നേട്ടം. അരങ്ങേറ്റതാരം അൻഷുൽ കംബോജിനാണ് വിക്കറ്റ്. അപ്പോഴേക്കും ടീം സ്കോർ 197-ലെത്തിയിരുന്നു. പിന്നാലെ പോപ്പും റൂട്ടും ക്രീസിൽ തുടർന്ന് 250 റൺസും കടന്ന് മുന്നേറുകയാണ്.
നേരത്തേ 114.1 ഓവറുകൾ നേരിട്ട ഇന്ത്യക്ക് 358 റൺസ് നേടുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു. അഞ്ചുവിക്കറ്റ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് സന്ദർശകരെ എറിഞ്ഞിട്ടത്. കഴിഞ്ഞ ദിവസം കാൽപ്പാദത്തിന് പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ ഋഷഭ് പന്ത്, ടീമിന്റെ ആവശ്യാനുസരണം വ്യാഴാഴ്ച വീണ്ടുമെത്തി ബാറ്റുചെയ്തു. പരിക്ക് വലച്ചിട്ടും 27 പന്തുകൾ നേരിട്ട താരം അർധ സെഞ്ചുറി (54) നേടി പുറത്തായി. ഒൻപതാമനായാണ് മടങ്ങിയത്.
Content Highlights: india vs england trial cricket 3rd day








English (US) ·