Published: January 04, 2026 03:29 PM IST
1 minute Read
സിഡ്നി∙ മഴയിൽ മുങ്ങി ആഷസ് അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം. മഴയും വെളിച്ചക്കുറവും കാരണം ആദ്യദിനം 45 ഓവർ മാത്രമാണ് കളി നടന്നത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യം ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 3ന് 211 എന്ന ഭേദപ്പെട്ട നിലയിലാണ്. അർധസെഞ്ചറി നേടിയ ജോ റൂട്ട് (72*), ഹാരി ബ്രൂക്ക് (78*) എന്നിവരാണ് ക്രീസിൽ. നാലാം വിക്കറ്റിൽ ഇതുവരെ 154 റൺസ് കൂട്ടിച്ചേർത്ത റൂട്ട്–ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഏഴാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ബെൻ ഡക്കറ്റിനെ (27) വീഴ്ത്തി മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്. അധികം വൈകാതെ മറ്റൊരു ഓപ്പണറായ സാക് ക്രൗലിയെ (16) മൈക്കൽ നെസറും ജേക്കബ് ബെതേലിനെ (10) സ്കോട്ട് ബോളൻഡും വീഴ്ത്തി. ഇതോടെ 3ന് 57 എന്ന നിലയിലേക്കു വീണു ഇംഗ്ലണ്ട്. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച റൂട്ടും ബ്രൂക്കും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. 65 പന്തിലാണ് 67–ാം ടെസ്റ്റ് അർധസെഞ്ചറി റൂട്ട് തികച്ചത്. 63 പന്തിലാണ് ടെസ്റ്റിലെ 15–ാം അർധസെഞ്ചറി ബ്രൂക്ക് പൂർത്തിയാക്കിയത്.
പാറ്റ് കമിൻസിനു വിശ്രമം അനുവദിച്ചതിനാൽ സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസിയിലാണ് അഞ്ചാം ടെസ്റ്റിലും ഓസ്ട്രേലിയ ഇറങ്ങിയത്. ഓസ്ട്രേലിയയുടെ വിശ്വസ്തനായ ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിരമിക്കൽ മത്സരം കൂടിയാണ് അഞ്ചാം ആഷസ് ടെസ്റ്റ്. പരമ്പരയിലെ മുൻ മത്സരങ്ങളിൽ മധ്യനിരയിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ഖവാജയെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയ ഓപ്പണിങ്ങിൽ തിരിച്ചെത്തിച്ചേക്കും. പ്ലേയിങ് ഇലവനിൽ ഓരോ മാറ്റങ്ങളുമായാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. ഓസീസ് നിരയിൽ ജൈ റിച്ചാർഡ്‌സണു പകരം ബ്യൂ വെബ്‌സ്റ്റർ ടീമിലെത്തിയപ്പോൾ പരുക്കേറ്റു പുറത്തായ ഗസ് അറ്റ്കിൻസനു പകരം സീമർ മാത്യു പോട്സിന് ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറി.
English Summary:








English (US) ·