Published: July 11 , 2025 08:26 AM IST
1 minute Read
ലണ്ടൻ ∙ ലോഡ്സ് ഗ്രൗണ്ട് ക്രിക്കറ്റിന്റെ തറവാടാണെങ്കിൽ ഇവിടത്തെ പിച്ച് ജോ റൂട്ടിന് തന്റെ വീട്ടുമുറ്റം പോലെയാണ്. കളിച്ചും പഠിച്ചും മനഃപാഠമാക്കിയ മണ്ണിൽ റൂട്ട് വീണ്ടുമൊരിക്കൽക്കൂടി വേരു പിടിച്ചിറങ്ങിയപ്പോൾ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം 83 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു.
കരിയറിലെ 67–ാം അർധ സെഞ്ചറിയും ലോഡ്സ് ഗ്രൗണ്ടിലെ ഏഴാം അർധ സെഞ്ചറിയും പിന്നിട്ട് റൂട്ടിനൊപ്പം (99*) ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് (39 ബാറ്റിങ്) ക്രീസിൽ. ഇന്ത്യയ്ക്കായി നിതീഷ്കുമാർ റെഡ്ഡി 2 വിക്കറ്റെടുത്തു,
∙ ബാസ് കുറച്ച് ഇംഗ്ലണ്ട്
ബാസ്ബോൾ യുഗത്തിലെ ചേസിങ് വിജയങ്ങളുടെ റെക്കോർഡിനിടെ ഹോം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയെന്ന അപൂർവതയുമായാണ് ഇംഗ്ലണ്ട് മത്സരം തുടങ്ങിയത്. പക്ഷേ ടോസ് വിജയിച്ചപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ മുഖത്തുണ്ടായ ആവേശം ഇംഗ്ലിഷ് താരങ്ങളുടെ ബാറ്റിങ്ങിലുണ്ടായില്ല.
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിലൂടെ മൂർച്ചകൂടിയ ഇന്ത്യൻ ബോളിങ് നിരയെ കരുതലോടെ നേരിട്ട ഇംഗ്ലിഷ് ഓപ്പണർമാരായ ബെൻ ഡക്കറ്റും സൗക് ക്രൗലിയും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ബുമ്രയുടെയും ആകാശ് ദീപിന്റെയും മുഹമ്മദ് സിറാജിന്റെയും പരീക്ഷണ പന്തുകൾക്കു മുൻപിൽ പതറാതെ നിന്ന ഓപ്പണർമാർക്കു മുൻപിലേക്ക് 13–ാ ഓവറിൽ മീഡിയം പേസർ നിതീഷ് റെഡ്ഡിയെ കൊണ്ടുവന്ന ഗില്ലിന്റെ പരീക്ഷണം വിജയിച്ചു.
ഓവറിലെ മൂന്നാം പന്തിൽ ഡക്കറ്റിനെയും (23) ആറാം പന്തിൽ സാക് ക്രൗലിയെയും (18) വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിലെത്തിച്ച നിതീഷ് പരമ്പരയിലാദ്യമായി തന്റെ ‘വില’ തെളിയിച്ചു.
എന്നാൽ പരിചയ സമ്പന്നരായ ജോ റൂട്ടും ഒലീ പോപ്പും (44) ക്രീസിലൊന്നിച്ചതോടെ കൂടുതൽ അപകടങ്ങളില്ലാതെ ഇംഗ്ലണ്ട് മുന്നോട്ടുപോയി. ആദ്യ സെഷനിൽ 83 റൺസ് നേടിയ റൂട്ട്–പോപ്പ് സഖ്യം രണ്ടാം സെഷനിലും ഇന്ത്യയ്ക്ക് വിക്കറ്റിന്റെ ആശ്വാസം നൽകിയില്ല. പക്ഷേ 24 ഓവറിൽ 70 റൺസ് മാത്രം നേടിയ സ്കോറിങ് നിരക്ക് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു.
∙ ടേണിങ് പോയിന്റ്
36 ഓവറുകൾ വിക്കറ്റില്ലാതെ വലഞ്ഞ ഇന്ത്യൻ ബോളർമാർ ചായയ്ക്കുശേഷം ഉന്മേഷത്തോടെ കളിയിലേക്ക് തിരിച്ചുവന്നു. മൂന്നാം സെഷനിലെ ആദ്യ പന്തിൽ ഒലീ പോപ്പിന്റെ (44) വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് തലവേദനയുണ്ടായാക്കിയ 109 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 15 ഓവറുകൾ നന്നായി പന്തെറിഞ്ഞിട്ടും വിക്കറ്റ് കിട്ടാത്ത ജസ്പ്രീത് ബുമ്രയുടെ നിരാശയും പിന്നാലെ മാറി.
അപകടകാരിയായ ഹാരി ബ്രൂക്കിനെ (11) ക്ലീൻബോൾഡാക്കിയ ബുമ്രയുടെ പ്രഹരത്തിൽ ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. ലോക ഒന്നാംറാങ്കുകാരനായ ബോളർ, ഒന്നാം നമ്പർ ബാറ്ററെ പുറത്താക്കിയെന്ന കൗതുകവും ആ വിക്കറ്റിനുണ്ടായിരുന്നു. പക്ഷേ ജോ റൂട്ടിനൊപ്പം പൊരുതിനിന്ന ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (39*) അഞ്ചാം വിക്കറ്റിൽ വീണ്ടും പ്രതിരോധം തീർത്തു. അർധ സെഞ്ചറി പിന്നിട്ട ഇവരുടെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.
English Summary:








English (US) ·