
ബെംഗളൂരുവിലുള്ള ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസ് ഗ്രൗണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾ |ഫോട്ടോ:PTI
മുംബൈ: നേതൃമാറ്റത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കായിക സംഘടനയായ ബിസിസിഐ. റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതോടെ നിലവില്‍ രാജീവ് ശുക്ലയാണ് ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ്. പുതിയ അധ്യക്ഷനെ സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ബിസിസിഐ വൃത്തങ്ങളില്‍ നടക്കുന്നത്.
ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ട് പ്രകാരം, കളിച്ചിരുന്ന കാലത്ത് നിരവധി റെക്കോഡുകള്‍ തകര്‍ത്ത ഒരു ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. എന്നാല്‍ ഇതാരാണെന്ന് റിപ്പോര്‍ട്ടിലില്ല. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ പേരാണ് ഊഹാപോഹങ്ങളില്‍ നിറയുന്നത്. അതല്ല സച്ചിന്‍ ബിസിസിഐ തലപ്പത്തേക്ക് എന്ന പ്രചാരണവും നടക്കുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്ന പ്രവണത ഇതാദ്യമല്ല. 2019-ല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതോടെയാണ് ഈ കീഴ്വഴക്കത്തിന് തുടക്കമായത്. അദ്ദേഹത്തിന് പിന്നാലെ 1983-ലെ ലോകകപ്പ് ജേതാവായ റോജര്‍ ബിന്നിയും ഈ പദവിയിലെത്തി. ബിസിസിഐയുടെ ചട്ടപ്രകാരമുള്ള 70 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്നാണ് ബിന്നി സ്ഥാനമൊഴിഞ്ഞത്.
വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയ്ക്കാണ് നിവലില്‍ പ്രസിഡന്റിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തില്‍ ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി നടക്കുന്ന സാഹചര്യത്തിലാണ് ഈ താത്കാലിക നിയമനം. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്കുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് ഈ യോഗത്തില്‍ നടക്കും.
ഇതിന് മുന്നോടിയായിട്ടാണ് ഒരു ഇതിഹാസത്തെ താരത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍. ഇംഗ്ലണ്ടില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു
ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിക്കിടെ ഈ താരവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമായി ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് അടുത്തിടെ ഇംഗ്ലണ്ടില്‍ വെച്ച് ക്രിക്കറ്റ് ഇതിഹാസത്തെ കണ്ടതായും ഇതില്‍ പറയുന്നുണ്ട്. ക്രിക്കറ്റ് താരത്തിന്റെ പ്രതികരണം അനുകൂലമാണോ അല്ലയോ എന്ന് വ്യക്തമല്ലെങ്കിലും, ഈ നീക്കം ബിസിസിഐയില്‍ സ്വാധീനമുള്ള ചില കേന്ദ്രങ്ങളുടെ പ്രത്യേക താത്പര്യമാണെന്നും പറയപ്പെടുന്നു.
കായിക സംഘടനകളില്‍ താരങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. ആ നയത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഒരു താരത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍.
ബിസിസിഐ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകാനുള്ള സാധ്യത അണിയറ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നുണ്ട്. തിരഞ്ഞെടുപ്പെന്ന് പറയുമെങ്കിലും സമവായത്തിലൂടെ സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുകയാണ് മുന്‍കാലങ്ങളില്‍ ചെയ്ത് വരുന്നത്. ദേശീയ കായിക ഭരണ നിയമം നടപ്പിലാക്കുന്നതോടെ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നേക്കാം. അതുവരെ ബിസിസിഐ തിരഞ്ഞെടുപ്പുകള്‍ നിലവിലെ നിയമ ചട്ടക്കൂടിന് കീഴിലായിരിക്കും നടക്കുക.
ജോയിന്റ് സെക്രട്ടറി ദേവജിത് സൈകിയ, ട്രഷറര്‍ പ്രഭ്തേജ് ഭാട്ടിയ, ജോയിന്റ് സെക്രട്ടറി രോഹന്‍ ഗൗണ്‍സ് ദേശായി തുടങ്ങിയവര്‍ അതാത് സ്ഥാനങ്ങളില്‍ തുടര്‍ന്നേക്കും. അതേസമയം പ്രധാന ആകര്‍ഷണ പോസ്റ്റായ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരം മുറുകുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ എംസിഎ സെക്രട്ടറി സഞ്ജയ് നായിക്, രാജീവ് ശുക്ല തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ശുക്ല വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍, ബിജെപി നേതാവും ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ രാകേഷ് തിവാരി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥിയായി ഉയര്‍ന്നുവന്നേക്കാം.
Content Highlights: BCCI Election Buzz: A Cricket Icon successful Contention for President's Post?








English (US) ·