21 May 2025, 03:53 PM IST

ചാമ്പ്യൻസ് ട്രോഫി കിരീടവുമായി ടീം ഇന്ത്യ Photo | Getty
ദുബായ്: പുതിയ ബ്രോഡ്കാസ്റ്റ് റെക്കോഡ് കുറിച്ച് ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമയം ആളുകള്‍ കണ്ട ടൂര്‍ണമെന്റായി ഇത് മാറി. ആഗോളതലത്തില്‍ 368 ബില്ല്യണ്‍ വ്യൂയിങ് മിനിറ്റ്‌സോടെയാണ് റെക്കോഡ് നേട്ടം. ഐസിസിയാണ് വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19% വര്‍ധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ഫൈനല്‍, ഏറ്റവും കൂടുതല്‍ സമയം തത്സമയം കാണപ്പെട്ട ചാമ്പ്യന്‍സ് ട്രോഫി മത്സരമെന്ന റെക്കോഡും സ്വന്തമാക്കി. 65.3 ബില്ല്യണ്‍ ലൈവ് വ്യൂയിങ് മിനിറ്റ്‌സാണ് മത്സരത്തിന്റേത്. തത്സമയം മത്സരം കണ്ട സമയം പരിഗണിക്കുമ്പോള്‍ ഇത് ഐസിസിയുടെ ചരിത്രത്തില്‍ തന്നെ മൂന്നാമത്തേതാണ്. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ സെമിയും ഫൈനലുമാണ് മുന്നില്‍.
പാകിസ്താനിലും യുഎഇയിലുമായി ഹൈബ്രിഡ് മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസീലന്‍ഡ് ടീമുകളെയും സെമിയില്‍ ഓസ്‌ട്രേലിയയെയും മറികടന്നെത്തിയ ഇന്ത്യ, കലാശപ്പോരില്‍ കിവികളെയും തകര്‍ത്താണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. രോഹിത് ശര്‍മയുടെ കീഴില്‍ ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഏക ടീമും ഇന്ത്യതന്നെയായിരുന്നു.
Content Highlights: icc Champions Trophy 2025 sets caller broadcast records








English (US) ·