Published: April 19 , 2025 10:52 PM IST
1 minute Read
ജയ്പൂർ∙ ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. 20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സറുകളും രണ്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. മത്സരത്തിന്റെ ഒൻപതാം ഓവറിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണു താരത്തെ പുറത്താക്കുന്നത്. പന്തിന്റെ മിന്നൽ സ്റ്റംപിങ്ങിൽ വൈഭവിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഐപിഎല്ലിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി. നേരിട്ട ആദ്യ പന്തിൽ തന്നെ പേസർ ഷാർദൂൽ ഠാക്കൂറിനെ സിക്സർ പറത്തിയാണ് വൈഭവ് ഐപിഎൽ കരിയറിനു തുടക്കം കുറിച്ചത്. ഇംപാക്ട് പ്ലേയറായാണ് വൈഭവ് അരങ്ങേറ്റ മത്സരത്തിനിറങ്ങിയത്. പേസർ സന്ദീപ് ശർമയെ പിൻവലിച്ച ശേഷമായിരുന്നു താരത്തിന്റെ വരവ്. സഞ്ജു സാംസൺ കളിക്കാത്തതിനാൽ രാജസ്ഥാൻ ഓപ്പണറുടെ റോൾ തന്നെ വൈഭവിനു ലഭിച്ചു. ലക്നൗവിനെതിരെ വീണുകിട്ടിയ അവസരം താരം മുതലാക്കുകയും ചെയ്തു. സഞ്ജു ടീമിലേക്കു തിരിച്ചുവരുമ്പോൾ ഇംപാക്ട് സബ്ബായെങ്കിലും താരം വീണ്ടും കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന മെഗാതാരലേലമാണ് വൈഭവിനെ രാജസ്ഥാനിലെത്തിച്ചത്. 1.1 കോടി രൂപ നൽകി റോയൽസ് താരത്തെ സ്വന്തമാക്കി. ഐപിഎൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അന്ന് വൈഭവിന്റെ പേരിലായി. വൈഭവിന്റെ പ്രായത്തിൽ തട്ടിപ്പുണ്ടെന്ന് ഇടയ്ക്ക് ആരോപണങ്ങൾ ഉയർന്നെങ്കിലും താരത്തിന്റെ കുടുംബം ഇതെല്ലാം തള്ളി.
English Summary:








English (US) ·