റെഡ് സല്യൂട്ട്; 4 മത്സരം ബാക്കിനിൽക്കെ ലിവർപൂളിന് 15 പോയിന്റ് ലീഡ്

8 months ago 6

മനോരമ ലേഖകൻ

Published: April 28 , 2025 12:28 PM IST

1 minute Read

  • ലിവർപൂളിന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടം


ലിവർപൂൾ താരങ്ങൾക്കും ആരാധകർക്കുമൊപ്പം സ്ട്രൈക്കർ മുഹമ്മദ് സലായുടെ സെൽഫി
ലിവർപൂൾ താരങ്ങൾക്കും ആരാധകർക്കുമൊപ്പം സ്ട്രൈക്കർ മുഹമ്മദ് സലായുടെ സെൽഫി

ലണ്ടൻ ∙ ഒരു മഴക്കാലത്തിനും അടുത്ത വറുതിക്കാലത്തിനുമിടയിൽ ഒരു ഗോൾമഴക്കാലമുണ്ടാകുമെന്ന ഓർമപ്പെടുത്തലോടെ ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ. ടോട്ടനം ഹോട്സ്പറിനെ 5–1നു തോൽപിച്ചാണ്, 4 മത്സരം ബാക്കി നിൽക്കെ ലിവർപൂൾ 20–ാം ഇംഗ്ലിഷ് കിരീടം സ്വന്തമാക്കുന്നത്. സമനില പിടിച്ചാൽ പോലും ലീഗ് കിരീടം ഉറപ്പായിരിക്കെ, ആഘോഷത്തിന് ഒരുങ്ങിയെത്തിയ ആരാധകർക്ക് അവരാഗ്രഹിച്ച വിധത്തിലൊരു വിജയമാണ് ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ലിവർപൂൾ നേടിയത്. 2019–20 സീസണിൽ പരിശീലകൻ യുർഗൻ ക്ലോപ്പിനു കീഴി‍ൽ 30 വർഷത്തിനു ശേഷം ലിവർപൂൾ ചാംപ്യന്മാരായി. പിന്നീട് 5 വർഷത്തെ വറുതിക്കാലം. ജർമൻകാരൻ ക്ലോപ്പ് പടിയിറങ്ങി പകരമെത്തിയ ഡച്ചുകാരൻ കോച്ച് അർനെ സ്ലോട്ട് ചുമതലയേറ്റ് ആദ്യ സീസണിൽത്തന്നെ കിരീടം. അരങ്ങേറ്റ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം നേടുന്ന അഞ്ചാമത്തെ പരിശീലകൻ എന്ന റെക്കോർഡും സ്ലോട്ടിനു സ്വന്തമായി. 

12–ാം മിനിറ്റിൽ ഡൊമിനിക് സൊളങ്കെയുടെ ഗോളിൽ ടോട്ടനം മുന്നിലെത്തിയപ്പോൾ സ്റ്റേഡിയത്തിലെ ചെമ്പടത്താളം തെല്ലിടനേരം നിശ്ശബ്ദമായി. എന്നാൽ 4 മിനിറ്റിനകം ലൂയിസ് ഡയസിന്റെ ഗോളിൽ ലിവർപൂൾ ഒപ്പമെത്തിയതോടെ കളി മാറി. ഈ സീസണി‍ൽ ലിവർപൂളിന്റെ കുതിപ്പിന്റെ എൻജിനായിരുന്ന അർജന്റൈൻ താരം അലക്സിസ് മക്കലിസ്റ്ററുടെ ഊഴമായിരുന്നു അടുത്തത്. 24–ാം മിനിറ്റിൽ മക്കലിസ്റ്റർ നേടിയ ഗോളിൽ ലിവർപൂളിന് 2–1 ലീഡായി. ഡച്ച് താരം കോഡി ഗാക്പോ (34–ാം മിനിറ്റ്), ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സലാ (63) എന്നിവരുടെ ഗോളുകൾ കൂടിയായതോടെ ആൻഫീൽഡിൽ ആഘോഷം ഉച്ചസ്ഥായിലായി. ഏറ്റവുമൊടുവിൽ 69–ാം മിനിറ്റിൽ ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ സെൽഫ് ഗോൾ കൂടി വീണതോടെ സ്കോർ പൂർണം (5–1).

ഒരു ഗോൾ വഴങ്ങി ഉടൻ കളി തിരിച്ചുപിടിച്ചതാണു ലിവർപൂളിന്റെ ഉജ്വല വിജയത്തിനു വഴിയൊരുക്കിയത്. സീസണിൽ ഇതടക്കം 19 ലീഗ് മത്സരങ്ങൾ തോറ്റ ടോട്ടനത്തെ അനായാസം കീഴടക്കാമെന്ന പ്രതീക്ഷ മത്സരത്തിനു മുൻപുണ്ടായിരുന്നു. ഈയൊരു അലസതയാണ് ആദ്യ ഗോൾ വഴങ്ങാൻ കാരണമായത്. ആറു മത്സരങ്ങളിലായി ഗോളടിക്കാതെ വിഷമിച്ച സ്ട്രൈക്കർ മുഹമ്മദ് സലായ്ക്കു സ്കോർ ചെയ്യാനായത് ആരാധകർക്ക് ഇരട്ടിയാഹ്ലാദമായി. കാണികൾക്കൊപ്പം സെൽഫിയെടുത്താണ് സലാ വിജയമാഘോഷിച്ചത്. 34 മത്സരങ്ങൾ പൂർത്തിയായപ്പോൾ ലിവർപൂളിന് 82 പോയിന്റ്. ഇത്രയും മത്സരങ്ങളിൽനിന്ന് 67 പോയിന്റുമായി ആർസനലാണു രണ്ടാം സ്ഥാനത്ത്. 4 മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ലിവർപൂളിന് 15 പോയിന്റ് ലീഡ്. ചെൽസി, ആർസനൽ, ബ്രൈട്ടൻ, ക്രിസ്റ്റൽ പാലസ് എന്നിവയ്ക്കെതിരെ ലിവർപൂളിനു മത്സരങ്ങൾ ബാക്കിയുണ്ട്. പട്ടികയിൽ മുൻനിരയിലെത്തി അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു സ്ഥാനം പിടിക്കാൻ രംഗത്തുള്ള മറ്റു ടീമുകൾക്ക് ഈ കളികൾ നിർണായകമാണ്. 5 വർഷം മുൻപു ലിവർപൂൾ പ്രിമിയർ ലീഗ് ജേതാക്കളായെങ്കിലും കോവിഡ് നിബന്ധനകൾമൂലം ആളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു ട്രോഫി കൈമാറ്റം. ഇത്തവണ ലിവർപൂൾ ആരാധകർക്കു പലിശ സഹിതം ആഘോഷിക്കാം; ആരവങ്ങൾ തുടങ്ങിക്കഴിഞ്ഞു!

English Summary:

Liverpool are the English Premier League champions! They secured their 20th rubric with a resounding 5-1 triumph implicit Tottenham, extending their pb to 15 points with 4 matches remaining.

Read Entire Article