റേസിങ് ട്രാക്കിൽ ബോട്ടോ? ഇത് 600 കോടി പടമോ, മൊബൈൽ ​ഗെയിമോ? വാർ 2 ട്രെയിലറിന് ട്രോൾ

5 months ago 6

26 July 2025, 10:48 AM IST

War 2 Troll

വാർ 2 എന്ന ചിത്രത്തിലെ രം​ഗങ്ങൾ | സ്ക്രീൻ​ഗ്രാബ്

ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷങ്ങളിലെത്തുന്ന 'വാര്‍ 2' ട്രെയിലര്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഹൈ വോള്‍ട്ടേജ് ആക്ഷനും റൊമാന്‍സുമുള്ള ട്രെയിലറില്‍ പ്രധാനതാരങ്ങൾ പരസ്പരം കൊമ്പുകോർക്കുന്ന കാഴ്ചയാണ് കാണാനാവുക. രണ്ടുകോടിയിലേറെപ്പേരാണ് ട്രെയിലർ ഇതിനോടകം കണ്ടത്. എന്നാൽ ചില രം​ഗങ്ങളുടെ പേരിൽ ട്രെയിലർ ട്രോളുകൾക്കും വിധേയമാവുകയാണ്.

600 കോടി ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം. നേരത്തേ ഇറങ്ങിയ ടീസറിനേക്കാൾ അല്പം ദൈർഘ്യം ഉണ്ടെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നും വിമർശകർ പറയുന്നു. ട്രെയിലറിൽ റേസിങ് ട്രാക്കിലൂടെ ഒരു ബോട്ട് ഓടുന്ന രം​ഗത്തിനെ അതിരൂക്ഷമായി പരിഹസിക്കുന്നുണ്ട് ചിലർ. രാജ്യത്തെ ഒരു പ്രമുഖ ഫിലിം സ്റ്റുഡിയോ എങ്ങനെയാണ് ഇതുപോലുള്ള ഷോട്ടുകൾ എടുക്കാൻ അനുവാദം കൊടുക്കുന്നതെന്നാണ് ഒരാൾ ചോദിച്ചത്.

യഷ് രാജ് ഫിലിംസിന് മാത്രമേ ഇങ്ങനെയുള്ള കണ്ടുപിടിത്തമൊക്കെ സാധിക്കൂ എന്നാണ് വിമർശകർ പറയുന്നത്. റേസിങ് ട്രാക്കിൽ എങ്ങനെയാണ് ബോട്ട് ഓടുന്നത്? ഇതേ നിർമാണക്കമ്പനിയുടെ ധൂം 3 എന്ന ചിത്രത്തിൽ അവർ ബൈക്കിനെ ബോട്ടാക്കി മാറ്റി. ഇപ്പോൾ ബോട്ടിനെ കാറും ആക്കി. ഇങ്ങനെ പോയാൽ മിക്കവാറും ഇവർ അടുത്ത സിനിമയിൽ ​ഗാനരം​ഗത്തിൽ കാറിനെ ഫൈറ്റർ ജെറ്റാക്കി മാറ്റും. ചില രം​ഗങ്ങൾ കണ്ടാൽ മൊബൈൽ ​ഗെയിമാണെന്ന് തോന്നുമെന്നും പരിഹാസങ്ങൾ നീളുന്നു.

'ബ്രഹ്‌മാസ്ത്ര' ഒരുക്കിയ അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധാനം. 2019-ല്‍ പുറത്തിറങ്ങിയ 'വാറി'ന്റെ രണ്ടാംഭാഗമാണ് 'വാര്‍ 2'. യഷ് രാജ് ഫിലിംസ് ആണ് വാറിന്റെ നിര്‍മാണം. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് 'വാര്‍ 2'.

2019ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു 'വാര്‍'. മേജര്‍ കബീര്‍ എന്ന 'റോ ഏജന്റ്' ആയിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് എത്തിയത്. ഇതേ കഥാപാത്രത്തെ തന്നെയാണ് 'വാര്‍ 2'-ലും ഹൃതിക് അവതരിപ്പിക്കുക. തിരക്കഥ ശ്രീധര്‍ രാഘവന്‍. ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസ് ഛായാഗ്രഹണവും പ്രീതം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആദിത്യ ചോപ്രയുടേതാണ് കഥ.

Content Highlights: War 2 Trailer Sparks Debate: High-Octane Action oregon Over-the-Top CGI?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article