റൈസിന്റെ എണ്ണംപറഞ്ഞ രണ്ട് ഫ്രീകിക്ക്; റയലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആഴ്‌സണല്‍

9 months ago 5

09 April 2025, 09:43 AM IST

declan rice

ഗോൾനേട്ടം ആഘോഷിക്കുന്ന ആഴ്സണലിന്റെ ഡെക്ലാൻ റൈസ് | AP

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ആഴ്‌സണല്‍ സെമി ഫൈനല്‍ പ്രതീക്ഷകളെ കൂടുതല്‍ സജീവമാക്കി. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. ഡെക്ലാന്‍ റൈസിന്റെ അതിമനോഹരമായ രണ്ട് ഫ്രീകിക്കുകളും മികേല്‍ മെറിനോയുടെ 75-ാം മിനിറ്റിലെ ഗോളുമാണ് റയലിന്റെ പ്രതീക്ഷകളെ വിദൂരത്താക്കിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ആഴ്‌സണലിന്റെ നിറഞ്ഞാട്ടം. 58-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ് ഫ്രീകിക്കിലൂടെ ആഴ്‌സണലിന് ലീഡ് നേടിക്കൊടുത്തു. ഡെക്ലാന്റെ കരിയറിലെ ആദ്യത്തെ ഫ്രീകിക്ക് ഗോളാണിത്. 12 മിനിറ്റിനകം ഡെക്ലാന്‍ വീണ്ടുമൊരു ഫ്രീകിക്കിലൂടെ ആഴ്‌സണലിന്റെ നില ഭദ്രമാക്കി. റയല്‍ ഗോള്‍ക്കീപ്പര്‍ തിബോ കോര്‍ട്ടോയിസിന് ഒരവസരവും നല്‍കാതെയുള്ള കിടിലന്‍ ഷോട്ടുകളായിരുന്നു രണ്ടും. ഇതോടെ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ ഫ്രീകിക്കിലൂടെ നേരിട്ട് രണ്ടുതവണ ഗോള്‍ നേടുന്ന ആദ്യതാരമായി ഡെക്ലാന്‍ മാറി.

75-ാം മിനിറ്റില്‍ മികേല്‍ മെറിനോ ആഴ്‌സണലിന്റെ ആധിപത്യം സമ്പൂർണമാക്കി. ഇതിനിടെ കാമവിംഗ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് റയലിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. പന്ത് തട്ടിയകറ്റിയതിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്നാണ് പുറംവഴികണ്ടത്. ഏപ്രില്‍ 16-ന് സാന്തിയാഗോ ബര്‍ണബൂവില്‍ നടക്കുന്ന രണ്ടാംപാദ ക്വാർട്ടർ മത്സരത്തില്‍ അദ്ഭുതങ്ങള്‍ നടത്തിയാലേ റയലിന് തിരിച്ചുവരവ് സാധ്യമാവൂ. മറുവശത്ത്, 2009-ന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്താമെന്ന കടുത്ത പ്രതീക്ഷയിലാണ് ആഴ്‌സണല്‍.

Content Highlights: arsenal beats existent madrid champions league quarterfinal

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article