ലോക ഫുട്ബോളിന്റെ അത്യുന്നതങ്ങളിൽ പാറിനടന്ന കാനറിപ്പക്ഷികൾക്കൊപ്പം തൊട്ടുരുമ്മിപ്പറന്നതിന്റെ ആവേശത്തിലാണ് ഐ.എം.വിജയൻ. ഞായറാഴ്ച ചെന്നൈയിൽ റൊണാൾഡിഞ്ഞോയും റിവാൾഡോയും ഉൾപ്പെടെയുള്ളവർ അണിനിരന്ന ബ്രസീൽ ലെജൻഡ്സ് ടീമിനെതിരെ ഇന്ത്യൻ ഓൾസ്റ്റാർസ് ടീമിനെ നയിച്ചത് വിജയനായിരുന്നു. ബ്രസീലിന്റെ വിശ്വതാരങ്ങൾക്കൊപ്പം ഒരു മണിക്കൂറിലേറെ നേരം പന്തുതട്ടിയതിന്റെയും അവരോട് അടുത്ത് ഇടപഴകാൻ സാധിച്ചതിന്റെയും ആവേശത്തിലാണ് മുൻ ഇന്ത്യൻ നായകൻ.
1994ലും 2002ലും ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീമിലെ അംഗങ്ങളായിരുന്നു ഇന്ത്യൻ ഓൾസ്റ്റാർസ് ടീമിന്റെ എതിരാളികൾ. ഗിൽബർട്ടോ സിൽവ, എഡ്മിൽസൺ, റിക്കാർഡോ ഒലിവേറ, ജോർജിഞ്ഞോ, ലൂസിയോ, പൗലോ സെർജിയോ, ക്ലെബേഴ്സൻ, ജിയോവാനി, വിയോള, അലക്സാന്ദ്രെ ഫെറെ തുടങ്ങിയവരാണ് ബ്രസീൽ ടീമിലുണ്ടായിരുന്ന മറ്റു താരങ്ങൾ. ഒപ്പം അവരുടെ പരിശീലകനായി സാക്ഷാൽ ഡൂംഗയും.
‘‘2 വർഷം മുൻപു ദുബായിയിൽ റിവാൾഡോ ഉൾപ്പെടെയുള്ള ബ്രസീൽ താരങ്ങൾക്കൊപ്പം ഞാൻ ഒരു പ്രദർശന മത്സരം കളിച്ചിരുന്നു. ഞായറാഴ്ച ചെന്നൈയിൽ വച്ചു കണ്ടപ്പോൾ റിവാൾഡോ അത് ഓർമിച്ചെടുത്തു. അദ്ദേഹത്തെപ്പോലെ ഒരാൾ അക്കാര്യം ഇപ്പോഴും ഓർത്തിരിക്കുന്നത് എന്നെ ഞെട്ടിച്ചു. റൊണാൾഡിഞ്ഞോ എന്നെ കെട്ടിപ്പിടിച്ചാണു സ്വീകരിച്ചത്. അതിൽ ഞാൻ വീണുപോയി’’– വിജയൻ പറയുന്നു.
ലെഫ്റ്റ് മിഡ്ഫീൽഡറായാണ് റൊണാൾഡിഞ്ഞോ കളിച്ചത്. ഇടയ്ക്കു റൊണാൾഡിഞ്ഞോയെ ഒന്നു ‘പ്രോത്സാഹിപ്പിക്കാനും’ താൻ ശ്രമിച്ചതായി വിജയൻ പറഞ്ഞു.
‘‘ഏതാനും മാസം മുൻപു ഖത്തറിൽ ബ്രസീൽ താരങ്ങളുടെ സൗഹൃദമത്സരം കാണാൻ ഞാൻ പോയിരുന്നു. ആ കളിയിൽ റൊണാൾഡിഞ്ഞോയുടെ വകയൊരു അസാധ്യ ഫ്രീകിക്ക് ഗോളുണ്ടായിരുന്നു. അതുപോലെ ഒരെണ്ണത്തിന് ഒരുങ്ങുമ്പോൾ ഞാൻ റൊണാൾഡിഞ്ഞോയെ അക്കാര്യം ഓർമിപ്പിച്ചു. ഖത്തറിൽ തൊടുത്ത പോലൊരു കിടുഗോൾ വരുമോയെന്നായിരുന്നു ചോദ്യം. പക്ഷേ, അദ്ദേഹത്തിന്റെ കിക്ക് ഗോളായില്ല’’
ബ്രസീൽ താരങ്ങളിലേറെപ്പേർക്കും ഇംഗ്ലിഷ് അത്ര വശമില്ല. എല്ലാവരും പോർച്ചുഗീസും സ്പാനിഷും സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇംഗ്ലിഷ് വഴങ്ങുന്നവരിൽ ഒരാൾ മുൻ ബ്രസീൽ കോച്ചും താരവുമായിരുന്ന ഡൂംഗയാണ്. അതിനാൽ ഡൂംഗയോടായിരുന്നു തന്റെ സംഭാഷണം കൂടുതലുമെന്നു വിജയൻ പറഞ്ഞു.
‘2002 ലെ ലോകകപ്പിന്റെ ഫൈനൽ. ജപ്പാനിലെ യോക്കഹാമ സ്റ്റേഡിയത്തിൽ ബ്രസീലിന്റെ കിരീടനേട്ടം കണ്ടവരിൽ ഞാനുമുണ്ട്. ജർമനിയുടെ ഗോൾകീപ്പർ ഒലിവർ കാനെ കീഴടക്കി റൊണാൾഡോ രണ്ടു ഗോളുകൾ അടിച്ചുകയറ്റിയ ആ പോസ്റ്റിനു തൊട്ടുപിന്നിലിരുന്നാണ് ഞാനന്നു കളി കണ്ടത് ’ – റൊണാൾഡോയെ കാണുമ്പോൾ പറയാനായി കരുതിവച്ച വാക്കുകളായിരുന്നു അതെന്നു വിജയൻ പറഞ്ഞു. പക്ഷേ, വിജയന് അതു പറയാൻ പറ്റിയത് ഡൂംഗയോടും.
സൗഹൃദമത്സരം എന്ന വാക്കു സൂചിപ്പിക്കും പോലെ സൗഹൃദഭാവത്തിലുള്ളതായിരുന്നു മത്സരം. ക്ലൈമാക്സ് ലോറൻസ്, എൻ.പി. പ്രദീപ്, മഹേഷ് ഗാവ്‌ലി, മെഹ്താബ് ഹുസൈൻ, സുഭാഷിഷ് റോയ് ചൗധരി തുടങ്ങിയവർ ഉൾപ്പെടുന്നതായിരുന്നു ഇന്ത്യൻ നിര. ബ്രസീൽ ടീം 2–1നു വിജയിച്ചു. 43–ാം മിനിറ്റിൽ വിയോള, 63–ാം മിനിറ്റിൽ റിക്കാർഡോ ഒലിവേര എന്നിവരാണു ബ്രസീലിന്റെ ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ബിബിയാനോ ഫെർണാണ്ടസ് ഇന്ത്യൻ ഗോൾ കുറിച്ചു. 35 മിനിറ്റു വീതമുള്ള 2 പകുതികളിലായി നടത്തിയ മത്സരശേഷം പെനൽറ്റി ഷൂട്ടൗട്ട് കൂടിയുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇതു റദ്ദാക്കി.
തൃശൂരിൽ വിജയന്റെ അമ്മ കൊച്ചമ്മുവിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ തിരക്കിനിടയിൽ നിന്നാണ് വിജയൻ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ചെന്നൈയ്ക്കു പോയത്. അമ്മയുടെ വിയർപ്പും കണ്ണീരും പ്രാർഥനകളുമാണു തന്നെ താനാക്കിയതെന്നു വിശ്വസിക്കുന്ന വിജയന്റെ ഏറെക്കാലത്തെ മോഹങ്ങളിലൊന്നാണ് സ്വന്തം അമ്മയുടെ പേരിൽ നാട്ടിലൊരു ഫുട്ബോൾ ടൂർണമെന്റ്.തൃശൂരിലെ കോലോത്തുംപാടത്തു നിന്നു തുണിപ്പന്തു തട്ടി ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരപദവിയിലേക്കു നടന്നു കയറിയ ഐ.എം.വിജയൻ ഏപ്രിൽ 30ന് കേരള പൊലീസിൽനിന്നു വിരമിക്കും.
English Summary:








English (US) ·