Published: October 24, 2025 02:10 PM IST
1 minute Read
മഡ്ഗാവ്∙ കേരളത്തിൽ നിന്നുള്ള ആരാധകൻ ഗ്രൗണ്ടിലേക്കു അതിക്രമിച്ച് കടന്നതിന് എഫ്സി ഗോവയ്ക്കു പിഴയായി നൽകേണ്ടി വരുക 8 ലക്ഷം രൂപ. സൗദി ക്ലബ് അൽ നസറിനെതിരായ മത്സരത്തിലാണ് മലയാളി യുവാവ് മൈതാനത്തേക്ക് ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പോർച്ചുഗലിന്റെയും ആരാധകനായ മലയാളി യുവാവാണ് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവയ്ക്കു തലവേദനയായത്.
എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് രണ്ട് മത്സരത്തിനു മുൻപു സൈഡ് ലൈനിനരികെ വാം അപ് ചെയ്യുകയായിരുന്ന അൽ നസറിന്റെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന് അരികിലേക്കാണ് യുവാവ് എത്തിയത്. സാദിയോ മാനെയും സമീപമുണ്ടായിരുന്നു. ഫെലിക്സിനൊപ്പം ഒരു സെൽഫിയുമെടുത്തു. സുരക്ഷ ജീവനക്കാർ പിടികൂടിയ യുവാവിനെ ഫറ്റോർഡ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതിക്രമിച്ചു കടന്നതിനും രണ്ട് രാജ്യാന്തര താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. സെൽഫികൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ചു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 125, 233(ബി) പ്രകാരമാണു കേസ്. സുരക്ഷാ വീഴ്ചയ്ക്ക് ഗോവയ്ക്കെതിരെ എഎഫ്സി നടപടി ഉണ്ടാകും. കഴിഞ്ഞ മാസം ഒരു ആരാധകൻ സ്മോക്ക് ഗൺ ഉപയോഗിച്ചതിന് ഗോവയ്ക്ക് സമാനമായ പിഴ ലഭിച്ചിരുന്നു.
English Summary:








English (US) ·