Published: December 24, 2025 09:16 AM IST Updated: December 24, 2025 09:25 AM IST
1 minute Read
റിയാദ് ∙ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള നുജുമയിലെ റിറ്റ്‌സ് കാൾട്ടൺ റിസർവിൽ 2 ആധുനിക വില്ലകൾ സ്വന്തമാക്കി. കുടുംബത്തിനൊപ്പം താമസിക്കാൻ 3 കിടപ്പുമുറികളുള്ള ഒരു വീടും അതിഥികൾക്കായി 2 കിടപ്പുമുറികളുള്ള വീടുമാണു താരം വാങ്ങിയത്. ഒരു വില്ലയ്ക്ക് ഏകദേശം 41 ലക്ഷം ഡോളർ (36.7 കോടി രൂപ) വീതം വില വരും.
സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തെ ആഡംബര വിനോദസഞ്ചാര കേന്ദ്രമായ റെഡ്സീ പദ്ധതിയുടെ ഭാഗമായുള്ള സ്വകാര്യദ്വീപിലാണ് ഈ വീടുകൾ. ബോട്ടിലോ സീപ്ലെയിനിലോ മാത്രം എത്തിച്ചേരാവുന്ന ഈ പ്രദേശമായതിനാൽ അതീവ സ്വകാര്യത ഉറപ്പാണ്. ആകെ 19 സ്വകാര്യ വില്ലകൾ മാത്രമാണ് ഈ റിസോർട്ടിലുള്ളത്. 100% പുനരുപയോഗ ഊർജമാണ് ഇവിടെ ഉപയോഗിക്കുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ചെങ്കടൽ വിനോദസഞ്ചാര പദ്ധതിയും പ്രകൃതിഭംഗിയും തന്നെ ആകർഷിച്ചതായും റൊണാൾഡോ പറഞ്ഞു.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസ്ർ താരമായ റൊണാൾഡോ നിലവിൽ താമസിക്കുന്നത് റിയാദിലാണ്. അവധിക്കാലം ചെലവഴിക്കാനും കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കാനുമായാണ് പുതിയ വീട്ടിലെത്തുക.
English Summary:









English (US) ·