05 June 2025, 08:37 PM IST

ഗൗതം ഗംഭീർ | AFP
ന്യൂഡല്‍ഹി: വിജയാഘോഷങ്ങളുടെ ഭാഗമായി റോഡ്‌ഷോകള്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ദാരുണമായ സംഭവമാണ് ബെംഗളൂരുവിലുണ്ടായത്. ആളുകളുടെ ജീവന്‍ പ്രധാനപ്പെട്ടതാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഒരിക്കലും റോഡ് ഷോകള്‍ നടത്തണമെന്ന് വിശ്വസിക്കുന്നയാളല്ല. ഞാന്‍ കളിക്കുന്ന സമയത്തുപോലും ഈ നിലപാടാണ് എടുത്തത്. ജയവും ആഘോഷപ്രകടനങ്ങളും പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ആളുകളുടെ ജീവന്‍. ഭാവിയില്‍ കൂടുതല്‍ ജാഗ്രതപാലിക്കേണ്ടതുണ്ട്. ദാരുണമായ സംഭവമാണ് നടന്നത്. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഭാവിയില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.- ഗംഭീര്‍ പറഞ്ഞു.
ബുധനാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേരാണ് മരിച്ചത്. 33 പേർക്ക് പരിക്കേറ്റു. കന്നിക്കിരീടം സ്വന്തമാക്കിയ ആർസിബി താരങ്ങളെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് തടിച്ചുകൂടിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വിധാൻ സൗധയിലേക്കാണ് വിരാട് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാന സർക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. വിധാൻസൗധയിൽനിന്ന് താരങ്ങൾ സമീപത്തുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നിൽ തിക്കുംതിരക്കുമുണ്ടായത്. പലരും കുഴഞ്ഞുവീണു. ഇവർക്കുമുകളിലേക്ക് കൂടുതൽ ആളുകൾ വീണതോടെ സ്ഥിതി ഗുരുതരമായി. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്.
Content Highlights: gautam gambhir bengaluru stampede rcb celebrations








English (US) ·