19 August 2025, 02:00 PM IST
.jpg?%24p=e4e93ab&f=16x10&w=852&q=0.8)
Photo: ANI
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ എടുത്ത ക്യാച്ചാണ്. എന്നാല്‍ ഇന്ത്യന്‍ വിജയത്തിനു പിന്നാലെ ഈ ക്യാച്ച് വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. സൂര്യ ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി കുഷ്യന്‍ യഥാര്‍ഥ ബൗണ്ടറി ലൈന്‍ വേണ്ട സ്ഥലത്ത് നിന്ന് അല്‍പം നീങ്ങിയാണ് കിടന്നിരുന്നതെന്നും ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടുന്നുണ്ടെന്നും ഒരു വിഭാഗം ആരോപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് കമന്റേറ്ററായിരുന്ന മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു.
അവിടെ വേൾഡ് ഫീഡ് കമന്റേറ്റർമാർ ഉണ്ടായിരുന്നു. മത്സരത്തിന്റെ ഇടവേളകളിൽ, എന്താണ് സംഭവിക്കുന്നതെന്ന് ബ്രോഡ്കാസ്റ്റർമാർക്ക് കാണാനായി അവിടെ ഒരു കസേരയും സ്ക്രീനും വെക്കാറുണ്ട്. അതിനായാണ് അവർ ബൗണ്ടറി റോപ്പ് കുറച്ച് പിന്നോട്ട് വെച്ചത്. - അമ്പാട്ടി റായിഡു പറഞ്ഞു.
എന്നാൽ ആ സ്ക്രീനും കസേരയും എടുത്തുമാറ്റിയതിന് ശേഷവും ബൗണ്ടറി റോപ്പ് പഴയപടിയാക്കിയില്ലെന്ന് റായിഡു പറഞ്ഞു. അങ്ങനെയാണ് ബൗണ്ടറി കുറച്ചുകൂടി വലുതായത്. മുകളിൽ നിന്ന് ഞങ്ങൾക്ക് അത് കാണാമായിരുന്നു. അത് ദൈവഹിതമായിരുന്നു. - പോഡ്‌കാസ്റ്റിലെ സംഭാഷണത്തിനിടെ റായിഡു പറഞ്ഞു.
മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സര്‍ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുള്‍ടോസ് പന്ത് മില്ലര്‍ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ പന്ത് പിടിച്ചു. താന്‍ ബൗണ്ടറിക്കുള്ളിലേക്ക് പോകുമെന്ന് മനസിലാക്കിയ സൂര്യ പന്ത് വായുവിലേക്കെറിഞ്ഞു. പിന്നീട് ബൗണ്ടറി ലൈനിന് പുറത്തേക്ക് കടന്ന് അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.
Content Highlights: suryakumar yadav drawback t20 satellite cupful last contention Ambati Rayudus response








English (US) ·