Published: September 30, 2026 02:53 PM IST
1 minute Read
കുറെയേറെ കുട്ടികൾ കാണാൻ വന്നതുകൊണ്ടാണോ എന്നറിയില്ല പേൾ നല്ല സന്തോഷത്തിലാണ്. മുഖത്തു ചിരി വിരിയുന്നില്ലെങ്കിലും പേൾ മീട്ടുന്ന തന്ത്രികളുടെ രസത്തിൽ ആ സന്തോഷം അനുഭവിച്ചറിയാം... അല്ലെങ്കിലും മുഖത്തു വികാരം വരുത്താൻ പേൾ മനുഷ്യനല്ലല്ലോ. അല്ല. പേൾ മനുഷ്യനല്ല. ഹ്യൂമനോയ്ഡാണ്; വയലിൻ വായിക്കുന്ന റോബട്ട്.വലതുകൈയിൽ ബോ ശരിക്കു പിടിച്ച്, പേൾ ഇടതു കൈവിരലുകൾ കൊണ്ടു കമ്പികളിൽ മെല്ലെ അമർത്തുന്നു. വലതുകൈ സാവധാനം ചലിച്ചു തുടങ്ങുമ്പോൾ വയലിൻ നാദം അവിടമാകെ നിറയുന്നു.
നഗോയയിലെ ടൊയോട്ട സ്മാരക മ്യൂസിയത്തിൽ വച്ചാണു ‘പേൾ’ എന്ന വയലിൻ വായിക്കുന്ന റോബട്ടിനെ കണ്ടത്. മ്യൂസിയത്തിന്റെ മൂലയ്ക്കുള്ള വാതിൽ തുറക്കുമ്പോൾ വൃത്താകൃതിയിലുള്ള പ്ലാറ്റ്ഫോമിൽ വയലിനും കയ്യിൽ പിടിച്ച് പേൾ നിൽക്കുന്നുണ്ടാകും. നിശ്ചിത ഇടവേളകളിൽ സന്ദർശകർക്കായി വയലിൻ വായിക്കുകയാണു പേളിന്റെ ഡ്യൂട്ടി.2010ൽ ഷാങ്ഹായ് എക്സ്പോയിലെ ജപ്പാൻ പവിലിയനിലാണു ടൊയോട്ട ആദ്യമായി പേളിനെ അവതരിപ്പിക്കുന്നത്. ഹ്യൂമനോയ്ഡുകളെ കുറിച്ചു കേട്ടു തുടങ്ങുന്ന കാലത്താണു പേൾ വയലിൻ വായിച്ച് ആസ്വാദകരെ അമ്പരപ്പിച്ചത്. 2014ൽ മ്യൂസിയത്തിലേക്കു പേളിനു സ്ഥലംമാറ്റം കിട്ടി. അന്നുമുതൽ മ്യൂസിയത്തിലെ സന്ദർശകരെ പേൾ സംഗീതം കൊണ്ടു വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.
5 അടി ഉയരമുള്ള പേളിനു 17 വഴക്കമുള്ള ജോയിന്റുകളുണ്ട്. ഒപ്പം മെക്കാനിക്കൽ വിരലുകളും. ഇവയുപയോഗിച്ച് ഒരു യഥാർഥ വയലിനിസ്റ്റ് വയലിൻ വായിക്കുന്ന അതേ പോലെയാണു പേളിന്റെയും വയലിൻ വാദനം.5 മിനിറ്റ് നീളുന്ന പരിപാടിക്കൊടുവിൽ വയലിനിൽനിന്നു ബോ മാറ്റി പേൾ ശാന്തമാകുന്നു; പിന്നീട് അൽപനേരം ഇടവേള.
മോഷൻ ക്യാപ്ചർ ടെക്‌നോളജി ഉപയോഗിച്ച് യഥാർഥ വയലിനിസ്റ്റിന്റെ ചലനങ്ങൾ വിവിധ ആംഗിളുകളിൽ ഒപ്പിയെടുത്ത്, ആ ഡേറ്റ ഗണിതരൂപത്തിൽ പ്രോഗ്രാം ചെയ്ത്, അതുപയോഗിച്ചു റോബട്ടുകളെ ചലിപ്പിച്ചാണ് ആദ്യ കാലത്ത് ഹ്യൂമനോയ്ഡുകളെ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ നിർമിതബുദ്ധിയുടെ കാലത്ത് ഹ്യൂമനോയ്ഡുകൾ തന്നെ സ്വയം ചലിച്ച് വയലിൻ വായിക്കും.പേൾ മാത്രമല്ല, ഡ്രംസ് കൊട്ടുന്ന, ബ്യൂഗിൾ വായിക്കുന്ന, അങ്ങനെ പലവിധ റോബട്ടുകളെ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. പേൾ മാത്രമാണ് ഇപ്പോൾ പതിവായി ആളുകളെ രസിപ്പിക്കുന്നത്.
English Summary:






English (US) ·