Published: June 06, 2026 03:52 PM IST
1 minute Read
അധോലോകം ഭരിക്കുന്ന മെക്സിക്കോയിലേക്കു ലോകകപ്പ് കാണാൻ പോകുന്നതു സുരക്ഷിതമാണോ? ഈ ചോദ്യത്തിനു മറുപടിയുമായി മെക്സിക്കോ സിറ്റിയിലെ നിരത്തുകളിൽ ‘റോബോഡോഗ്’ മുതൽ ആകാശത്തു ഡ്രോണുകൾ വരെ സുരക്ഷയ്ക്കായി സജീവം. മെക്സിക്കോയിലും യുഎസിലും കാനഡയിലും സ്റ്റേഡിയങ്ങൾ, ഫാൻ പാർക്കുകൾ, ടീം ഹോട്ടലുകൾ, നിരത്തുകൾ എന്നിവിടങ്ങൾ കർശന സുരക്ഷയ്ക്കു കീഴിലാണ്.
ഐഎസ്ആർ ഡ്രോൺ
ഡ്രോണുകൾ സ്റ്റേഡിയങ്ങൾക്കു ഭീതി ഒരുക്കുന്ന സാഹചര്യമൊഴിവാക്കാൻ സൈനിക ശേഷിയുളള ഐഎസ്ആർ ഡ്രോണുകൾ യുഎസും മെക്സിക്കോയും സജ്ജമാക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇവ സ്റ്റേഡിയങ്ങളിലേക്കോ ഫാൻ പാർക്കുകളിലേക്കോ എത്താവുന്ന മറ്റു ഡ്രോണുകളെ വായുവിൽ വച്ചു തന്നെ തകർക്കും. നാനൂറോളം സർക്കാർ – സ്വകാര്യ ഏജൻസികൾ ഒത്തുചേർന്നാണു യുഎസിൽ മാത്രം സുരക്ഷ ഒരുക്കുക.
റോബോഡോഗുകൾ
മെക്സിക്കോയിലെ വേദികളിലും പരിസരത്തുമായി നാലുകാലുള്ള റോബട്ട് നായകൾ സുരക്ഷാ പരിശോധന തുടങ്ങി. ക്യാമറ ഘടിപ്പിച്ച ഇവ അതീവ അപകടസാധ്യതയുള്ള മേഖലകളിലടക്കം പരിശോധന നടത്തി ദൃശ്യങ്ങൾ തൽസമയം പൊലീസിനു കാട്ടിക്കൊടുക്കും. ഒന്നേമുക്കാൽ ലക്ഷം ഡോളറിലേറെ ചെലവഴിച്ചാണു റോബോഡോഗ് സംഘത്തെ ഇറക്കിയിട്ടുള്ളത്. സ്റ്റേഡിയങ്ങളുടെ ഒന്നരക്കിലോമീറ്റർ ചുറ്റളവ് പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റും. ടിക്കറ്റുള്ളവർക്കു മാത്രമാകും സുരക്ഷാ മേഖലയിലേക്കു പ്രവേശനം.





English (US) ·