ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
സഞ്ജുവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ഭിന്നത രൂക്ഷമായെന്നും റിപ്പോര്‍ട്ടിലുണ്ട്. 2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്. റോയല്‍സില്‍ തുടരാന്‍ സഞ്ജു ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജുവിന്റെ കുടുംബാംഗത്തെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സീസണില്‍ കൈക്ക് പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടീമില്‍ സ്വന്തം ബാറ്റിങ് സ്ഥാനം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. ടി20-യില്‍ സാധാരണ ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി സഞ്ജുവിനെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്. ഇത് വിജയകരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന് ഇഷ്ട ബാറ്റിങ് സ്ഥാനം നഷ്ടപ്പെട്ടു. ഇതും ഭിന്നത രൂക്ഷമാക്കിയെന്നാണ് വിവരം.
കഴിഞ്ഞ ലേലത്തില്‍ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം ഒരു അര്‍ധ സെഞ്ചുറിയടക്കം 285 റണ്‍സാണ് എടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (149) കളിച്ച താരമാണ് സഞ്ജു. 4027 റണ്‍സും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
അതേസമയം സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നീക്കം നടത്തുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. എന്നാല്‍ ഇത് നടക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. സഞ്ജുവിനെയോ മറ്റ് കളിക്കാരെയോ തത്ക്കാലം ട്രേഡ് ചെയ്യേണ്ടതില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനമെന്നാണ് വിവരം. നിലവില്‍ 2027 വരെ സഞ്ജുവിന് രാജസ്ഥാനുമായി കരാറുണ്ട്. അസന്തുഷ്ടനായ ഒരു താരത്തെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുമോ എന്നത് കണ്ടറിയണം. മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.
Content Highlights: Reports suggest Sanju Samson wants to permission Rajasthan Royals owed to disagreements with management








English (US) ·