റൗഫിന് വിലക്ക്, സൂര്യകുമാറിന് പിഴയും ഡീമെറിറ്റ് പോയിന്റും; ബുമ്രയ്‌ക്കെതിരെയും നടപടി: ഐസിസി ‘ശിക്ഷ’ ഇങ്ങനെ

2 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: November 04, 2025 09:49 PM IST Updated: November 05, 2025 12:56 AM IST

2 minute Read

സൂര്യകുമാർ യാദവ് (Photo by Sajjad HUSSAIN / AFP), ഹാരിസ് റൗഫ് (Photo by Sajjad HUSSAIN / AFP)
സൂര്യകുമാർ യാദവ് (Photo by Sajjad HUSSAIN / AFP), ഹാരിസ് റൗഫ് (Photo by Sajjad HUSSAIN / AFP)

ദുബായ്∙ യുഎഇയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് വിലക്ക്; ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴയും ഡീമെറിറ്റ് പോയിന്റും. ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നടപടി. സെപ്റ്റംബർ 14, 21, 28 തീയതികളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരങ്ങളിലെ വിവിധ സംഭവങ്ങളിൽ ഐസിസി എലൈറ്റ് പാനലിനെ മാച്ച് റഫറിമാരാണ് വാദം കേട്ടത്. ഇതിൽ സ്വീകരിച്ച നടപടികളാണ് ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി അറിയിച്ചത്.

സെപ്റ്റംബറിന് 14നു നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലെ വിജയത്തിനു പിന്നാലെ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും വിജയം സൈനികർക്ക് സമർപ്പിച്ചതിനും സൂര്യകുമാർ യാദവിനു മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റും ചുമത്തി. സൂര്യകുമാറിനെതിരെ പാക്കിസ്ഥാൻ പരാതി നൽകിയിരുന്നു.

21നും 28നും യഥാക്രമം നടന്ന സൂപ്പർ ഫോർ, ഫൈനൽ മത്സരങ്ങളിലെ ‘ആംഗ്യപ്രകടനത്തിന്’ ആണ് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിനെതിരെ നടപടി. ഇരു മത്സരങ്ങൾക്കും മാച്ച് ഫീയുടെ 30 ശതമാനവും വീതം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റുകൾ വീതവും ചുമത്തി. 24 മാസത്തിനിടെ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചതോടെ രണ്ടു മത്സരങ്ങൾക്ക് റൗഫ് വിലക്ക് നേരിടേണ്ടി വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യത്തെയും രണ്ടാമത്തെയും ഏകദിന മത്സരത്തിൽ ഹാരിസ് റൗഫ് കളിക്കില്ല.

സൂപ്പർ ഫോർ മാച്ചിനിടെ ബാറ്റുകൊണ്ട് ‘വെടിയുതിർത്ത’ പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദാ ഫർഹാന് ഐസിസി താക്കീത് നൽകി. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റുമുണ്ട്. ഫർഹാനെതിരെ ബിസിസിഐ പരാതി നൽകിയിരുന്നു. ഫൈനൽ മത്സരത്തിനിടെ ‘വിമാന ആംഗ്യം’ കാണിച്ച ജസ്പ്രീത് ബുമ്രയ്‌ക്കെതിരെയും നടപടിയുണ്ട്. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നൽകിയതായി ഐസിസി അറിയിച്ചു. താരം കുറ്റം ഏറ്റെടുത്തതിനാലാണ് ഒരു ഡീമെറിറ്റ് പോയിന്റിൽ ഒതുക്കിയത്. അതേസമയം, സൂപ്പർ 4 മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപിനെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്ന് ഐസിസി വ്യക്തമാക്കി. ഇതിനാൽ താരത്തെ നടപടികളിൽനിന്ന് ഒഴിവാക്കി.

🚨 ICC PRESS RELEASE ON INDIA vs PAKISTAN 🚨

Suryakumar Yadav - good of 30% lucifer interest & 2 Demerit Points.

Farhan - 1 Demerit Point.

Haris Rauf - good of 30% of lucifer fees & 2 Demerit Points. (Group Stage match)

Arshdeep - Was not recovered guilty.

Bumrah - 1 Demerit Point.… pic.twitter.com/SflzzZlo0M

— Johns. (@CricCrazyJohns) November 4, 2025

ഏഷ്യാ കപ്പിൽ സംഭവിച്ചത്:

∙ സെപ്റ്റംബർ 14 (ഗ്രൂപ്പ് ഘട്ടം)ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനു മുൻപും ശേഷവും കളിക്കാരും ക്യാപ്റ്റന്മാരും ഹസ്തദാനം നടത്താതിരുന്നത് ചർച്ചയായി. മത്സരത്തിനു മുൻപ് ടോസ് ചെയ്യുന്ന ചടങ്ങിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും മാച്ച് റഫറിക്കു ടീം ചാർട്ട് നൽകിയ ശേഷം മാറിനിൽക്കുകയായിരുന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങൾക്കു കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങളും കൂട്ടാക്കിയില്ല. മത്സശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വിജയം സൈനികർക്ക് സമർപ്പിച്ചു.

‘‘ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു’’– സൂര്യകുമാർ യാദവ് പറഞ്ഞു.

∙ സെപ്റ്റംബർ 21 (സൂപ്പർ ഫോർ)

2022 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ റൗഫിനെതിരെ വിരാട് കോലി തുടരെ സിക്സടിച്ചത് ഓർമിപ്പിച്ച് ആർപ്പുവിളിച്ച കാണികൾക്കു നേരെ ‘6 വിമാനം വീഴ്ത്തിയെന്ന’ ആംഗ്യം കാണിച്ചായിരുന്നു ഹാരിസ് റൗഫിന്റെ പ്രകോപനം. ഇന്ത്യയുടെ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ബാറ്റ് ചെയ്യുന്നതിനിടെയും റൗഫിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായി. സാഹിബ്സാദാ ഫർഹാൻ അർധ സെഞ്ചറി നേടിയശേഷം ബാറ്റ് ‘തോക്കാക്കി’ വെടിയുതിർത്ത് ആഘോഷിച്ചതാണ് പരാതിക്കിടയാക്കിയത്.

∙ സെപ്റ്റംബർ 28 (ഫൈനൽ)

പാക്ക് ബാറ്റർ ഹാരിസ് റൗഫിനെ പുറത്താക്കിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര വിമാനം താഴെ വീഴുന്ന ആംഗ്യം കാണിച്ചു. നേരത്തേ, സൂപ്പർ ഫോർ റൗണ്ടിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യൻ ആരാധകരെ ഇതേ ആംഗ്യം കാണിച്ചാണ് റൗഫ് കളിയാക്കിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ഫൈനലിൽ റൗഫിനു ബുമ്ര നൽകിയത്.

English Summary:

Asia Cup contention highlights the ICC's actions against players for breaching the codification of behaviour during the tournament. Suryakumar Yadav, Haris Rauf, and others faced penalties for their actions, arsenic the ICC enforced its regulations connected subordinate behavior.

Read Entire Article