Published: December 30, 2025 01:28 PM IST
1 minute Read
തിരുവനന്തപുരം∙ ഇന്ത്യ– ശ്രീലങ്ക നാലാം ട്വന്റി20 മത്സരത്തിനിടെ ശ്രീലങ്കൻ താരത്തിനെതിരെ മോശം വാക്കുപയോഗിച്ച് ഇന്ത്യൻ യുവതാരം വൈഷ്ണവി ശർമ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് ശ്രീലങ്കൻ ബാറ്റർക്കെതിരായ റൺഔട്ട് അവസരം പാഴായപ്പോൾ വൈഷ്ണവിയുടെ പ്രതികരണം. തന്റെ മുഖം ഓൺഫീൽഡ് ക്യാമറകള്‍ പകര്‍ത്തിയെന്നു വ്യക്തമായ വൈഷ്ണവി ഒരു ചിരിയോടെ ഞെട്ടിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
20 വയസ്സുകാരിയുടെ ഇന്ത്യൻ ജഴ്സിയിലെ ആദ്യ പരമ്പരയാണിത്. മധ്യപ്രദേശ് സ്വദേശിയായ വൈഷ്ണവി സ്പിൻ ബോളറാണ്. നാലാം മത്സരത്തിൽ ശ്രീലങ്കൻ ബാറ്റിങ്ങിനിടെ 15–ാം ഓവറിലാണ് സംഭവം. ശ്രീലങ്കന്‍ ബാറ്റർ ഇമേഷ് ദുലാനി ഓവറിലെ മൂന്നാം പന്തിൽ അതിവേഗം സിംഗിളിനു ശ്രമിക്കുകയായിരുന്നു. പന്തു ലഭിച്ച വൈഷ്ണവി വിക്കറ്റ് കീപ്പറിനു നേരെ എറിഞ്ഞെങ്കിലും റൺഔട്ടാക്കാൻ സാധിച്ചില്ല. അതിന്റെ നിരാശയിലായിരുന്നു ഇന്ത്യന്‍ യുവതാരം ‘മോശം വാക്ക്’ പറഞ്ഞത്.
മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ വൈഷ്ണവി, 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകളാണു വീഴ്ത്തിയത്. നാലാം മത്സരത്തിൽ ഇന്ത്യ 30 റൺസ് വിജയമാണു നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4–0ന് മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ നാലു മത്സരങ്ങളും കളിച്ച വൈഷ്ണവി നാലു വിക്കറ്റുകൾ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
English Summary:








English (US) ·