05 August 2025, 10:36 AM IST

ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം | PTI
കെന്നിങ്ടൺ: ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുകയറി. അഞ്ചുടെസ്റ്റുകളിൽ രണ്ടുജയവും രണ്ടുതോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യക്ക് 46.67 പോയിന്റ് ശരാശരിയാണുള്ളത്. ഓവലിൽ ആറുറൺസിനാണ് ഇന്ത്യയുടെ ജയം.
374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 2-2ന് തുല്യതയിലായി. ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ഇരുടീമുകളും പങ്കിട്ടു.
മൂന്ന് ടെസ്റ്റ് കളിച്ച ഓസ്‌ട്രേലിയ 100 പോയിന്റ് ശരാശരിയിൽ പട്ടികയിൽ ഒന്നാംസ്ഥാനത്തുണ്ട്. 66.67 പോയിന്റ് ശരാശരിയുള്ള ശ്രീലങ്ക രണ്ടാമതാണ്. ഇംഗ്ലണ്ട് 43.33 ശരാശരിയിൽ നാലാംസ്ഥാനത്തുണ്ട്. ബംഗ്ലാദേശാണ് അഞ്ചാമത്.
ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവുംചെറിയ ജയമാണ് ഇംഗ്ലണ്ടിനെതിരേ നേടിയത്. 2004-05ൽ ഓസ്‌ട്രേലിയക്കെതിരേ നേടിയ 13 റൺസിന്റെ ജയമായിരുന്നു മുൻപത്തെ റെക്കോഡ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നേടിയത് 3809 റൺസാണ്. പരമ്പരയിൽ ഒരു ടീം മൊത്തം നേടിയ റൺസിൽ രണ്ടാമതാണിത്. 1989-ലെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ 3877 റൺസ് നേടിയതാണ് റെക്കോഡ്. ആറ് മത്സരങ്ങളാണ് ആഷസിലുണ്ടായിരുന്നത്.
അതേസമയം പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പേസർ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസറെന്ന റെക്കോഡിനൊപ്പമെത്തി. 2021-22ൽ ജസ്‌പ്രീത് ബുംറ 23 വിക്കറ്റെടുത്താണ് റെക്കോഡിട്ടത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഒൻപത് താരങ്ങൾ 400 റൺസിനുമുകളിൽ സ്‌കോർ ചെയ്യുന്നത് ഇതാദ്യമായാണ്. 1975-76 ഫ്രാങ് വോറൽ ട്രോഫിയിലും 1993 ആഷസ് പരമ്പരയിലും എട്ട് ബാറ്റർമാർ 400-നുമുകളിൽ സ്‌കോർ ചെയ്തിരുന്നു.
Content Highlights: india bushed england oval trial wtc table








English (US) ·