Published: April 08 , 2025 12:35 PM IST
1 minute Read
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ബാറ്റിങ്ങിന് വേഗം പോരെന്ന് പറഞ്ഞ് നിർബന്ധിച്ച് പുറത്താക്കിയവർക്കു മുന്നിൽ അതിവേഗ ഇന്നിങ്സുമായി തൊട്ടടുത്ത മത്സരത്തിൽ തിലക് വർമയുടെ തകർപ്പൻ മറുപടി. ആർസിബിക്കെതിരായ മത്സരത്തിൽ അവസാന നിമിഷം തോൽവി വഴങ്ങിയെങ്കിലും, ശ്രദ്ധാകേന്ദ്രമായത് 29 പന്തിൽ 56 റൺസടിച്ച തിലക് വർമയുടെ ഇന്നിങ്സ്. നാലു വീതം സിക്സും ഫോറും സഹിതമാണ് തിലക് വർമ 56 റൺസെടുത്തത്. 10 റൺസിനു മുകളിൽ നേടിയ മുംബൈ താരങ്ങളിൽ ഉയർന്ന സ്ട്രൈക്ക് റേറ്റും ടീമിന്റെ ടോപ് സ്കോറർ കൂടിയായ തിലക് വർമയ്ക്കു തന്നെ.
ആർസിബിക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയാണ് തിലക് വർമ തകർത്തടിച്ച് അർധസെഞ്ചറി നേടിയത്. മുംബൈ ഇന്നിങ്സിലെ 10–ാം ഓവറിൽ വിൽ ജാക്സ് 22 റൺസുമായി പുറത്തായതിനു പിന്നാലെയാണ് തിലക് വർമ ക്രീസിലെത്തുന്നത്. ഈ ഘട്ടത്തിൽ 62 പന്തിൽ മുംബൈയ്‌ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 143 റൺസ്. ആദ്യ പന്തിൽത്തന്നെ ക്രുനാൽ പാണ്ഡ്യയ്‌ക്കെതിരെ ഫോറടിച്ചാണ് തിലക് വർമ തുടക്കമിട്ടത്.
ആദ്യ അഞ്ച് പന്തിൽനിന്ന് അഞ്ച് റൺസ് മാത്രമാണ് നേടിയതെങ്കിലും, പിന്നീട് തകർത്തടിച്ചാണ് തിലക് മുംബൈയ്ക്ക് പ്രതീക്ഷ നൽകിയത്. ഇതിനിടെ യഷ് ദയാലിന്റെ പന്തിൽ ഡബിളുമായി തിലക് സീസണിലെ ആദ്യ അർധസെഞ്ചറി കുറിച്ചു. തൊട്ടടുത്ത പന്തിൽ സിക്സറുമായാണ് താരം അർധസെഞ്ചറി നേട്ടം ആഘോഷിച്ചത്.
തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഫിൽ സോൾട്ടിന് ക്യാച്ച്് സമ്മാനിച്ചു മടങ്ങുമ്പോഴേയ്ക്കും, ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം തിലക് കൂട്ടിച്ചേർത്തത് വെറും 34 പന്തിൽ 89 റൺസ്. മാത്രമല്ല, ഈ ഘട്ടത്തിൽ അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ മുംബൈയ്ക്ക് 14 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 34 റൺസാണ്. ഹാർദിക് പാണ്ഡ്യ ക്രീസിലും നമാൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചാഹർ തുടങ്ങിയവർ ഇറങ്ങാനുമിരിക്കെ ടീമിനെ വിജയസാധ്യതയിലേക്ക് തിരിച്ചെത്തിച്ചാണ് തിലക് പുറത്തായതെന്ന് സാരം.
കഴിഞ്ഞ ദിവസം ലക്നൗവിനെതിരെ നടന്ന മത്സരത്തിൽ 19–ാം ഓവറിൽ തിലക് വർമയെ നിർബന്ധിച്ച് ഔട്ടാക്കിയ മുംബൈ ടീമിന്റെ തീരുമാനം വിവാദമായിരുന്നു. അവസാന ഘട്ടത്തിൽ ബാക്കിയുള്ള പന്തും വിജയത്തിലേക്ക് ആവശ്യമായ പന്തിന്റെ എണ്ണവും തമ്മിലുള്ള അന്തരം കൂടുന്നതിനിടെയാണ്, തിലകിനെ പിൻവലിച്ച് മിച്ചൽ സാന്റ്നറിനെ ഇറക്കിയത്. എന്നിട്ടും മത്സരം മുംബൈ തോറ്റിരുന്നു. ഇതിനു പിന്നാലെ, തിലകിനെ റിട്ടയേർഡ് ഔട്ടാക്കാനുള്ള തീരുമാനം തന്റേതാണെന്നും ഹാർദിക് പാണ്ഡ്യയ്‌ക്ക് അതിൽ റോളില്ലെന്നും വ്യക്തമാക്കി പരിശീലകൻ മഹേള ജയവർധനെ രംഗത്തെത്തിയിരുന്നു.
‘‘തിലക് വർമ നന്നായിത്തന്നെയാണ് ബാറ്റു ചെയ്തത്. വിക്കറ്റ് നഷ്ടമായ സാഹചര്യത്തിൽ സൂര്യകുമാറുമൊത്ത് നല്ലൊരു കൂട്ടുകെട്ട് തീർക്കാനാണ് തിലക് വർമ ശ്രമിച്ചത്. അതിനുശേഷം ആക്രമണത്തിലേക്കു മാറാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാനത്തെ ഏതാനും ഓവറുകൾ വരെ കാത്തിരുന്ന ശേഷമാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കാരണം അദ്ദേഹം കുറച്ചുനേരമായി ക്രീസിലുണ്ടായിരുന്നതിനാൽ, ഏതെങ്കിലുമൊരു ഘട്ടത്തിൽ തകർത്തടിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അവസാന ഓവറിലേക്ക് എത്തുമ്പോഴും അദ്ദേഹത്തിന് അതിനു കഴിയാത്ത സാഹചര്യത്തിലാണ് പുതിയൊരു ബാറ്ററെ അയയ്ക്കാമെന്ന് തീരുമാനിച്ചത്’ – ജയവർധനെ പറഞ്ഞു.
English Summary:








English (US) ·