Published: April 20 , 2025 09:56 PM IST
1 minute Read
ജയ്പൂർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്നത് രാജസ്ഥാൻ റോയൽസിനു തിരിച്ചടിയായെന്ന് ബോളിങ് പരിശീലകൻ സായ്‍രാജ് ബഹുതുലെ പറഞ്ഞു. ‘‘ലക്നൗവിനെതിരെ സഞ്ജുവിനെ ഒരുപാടു മിസ് ചെയ്തു. സഞ്ജു കളിക്കുന്നതിനെക്കുറിച്ച് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുമെന്നാണു ഞാൻ കരുതുന്നത്. പക്ഷേ സഞ്ജുവിനു പകരമെത്തിയ വൈഭവ് സൂര്യവംശി ഉത്തരവാദിത്തം ഭംഗിയായി ഏറ്റെടുത്തു.’’– ബോളിങ് പരിശീലകൻ പ്രതികരിച്ചു.
ലക്നൗവിനെതിരായ 20–ാം ഓവറിൽ വന്‍ തോതിൽ റൺസ് വഴങ്ങിയ സന്ദീപ് ശർമയെയും അദ്ദേഹം പിന്തുണച്ചു. ‘‘സന്ദീപ് വളരെ മികച്ച ബോളർ തന്നെയാണ്. നേരത്തേയും ബുദ്ധിമുട്ടേറിയ ഓവറുകൾ അദ്ദേഹം എറിഞ്ഞിട്ടുണ്ട്. ബാറ്റർമാരെ സമ്മർദത്തിലാക്കിയ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മറന്ന്, ഒരു മോശം ഓവറിനെക്കുറിച്ചാണ് ആളുകൾ ഇപ്പോൾ സംസാരിക്കുന്നത്. രാജസ്ഥാനു വേണ്ടി 100 ശതമാനവും പുറത്തെടുക്കുന്ന ബോളറാണു സന്ദീപ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കാനാണു തീരുമാനം.’’– സായ്‌രാജ് വ്യക്തമാക്കി.
രണ്ടു റൺസ് വിജയമാണു മത്സരത്തിൽ ലക്നൗ നേടിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. എട്ടു മത്സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. അതേസമയം പത്തു പോയിന്റുള്ള ലക്നൗ നാലാമതുണ്ട്. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട ജയ്സ്വാൾ 74 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ റിയാൻ പരാഗ് (26 പന്തിൽ 39), വൈഭവ് സൂര്യവംശി (20 പന്തിൽ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റൺവേട്ടക്കാർ.
English Summary:








English (US) ·