‘ലക്നൗവിനോട് 2 റൺസിനു തോറ്റത് ഒത്തുകളിയെന്ന് കൊച്ചുകുട്ടിക്കുപോലും അറിയാം’: എംഎൽഎയുടെ ആരോപണത്തോട് പ്രതികരിച്ച് രാജസ്ഥാൻ

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 22 , 2025 04:55 PM IST

1 minute Read

 X@IPL
രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസണും പരിശീലകൻ രാഹുൽ ദ്രാവിഡും മത്സരത്തിനിടെ. Photo: X@IPL

ജയ്പുർ∙ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയത്തിന് അരികെ അവിശ്വസനീയമായ രീതിയിൽ തോൽവിയിലേക്കു വീണതിനു പിന്നാലെ ഒത്തുകളി ആരോപണം ഉന്നയിച്ച ബിജെപി നേതാവിന് മറുപടിയുമായി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിന്റെ മാത്രമല്ല, ബിസിസിഐയുടെ തന്നെ പ്രതിച്ഛായയ്ക്കും വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്ന് രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചു.

രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന അംഗം കൂടിയായ ബിജെപി എംഎൽഎ ജയ്ദീപ് ബിഹാനിയാണ് രാജസ്ഥാൻ ടീമിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെയും പ്രതിച്ഛായ തകർക്കുന്നതാണ് ആരോപണമെന്ന രാജസ്ഥാന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 2 റൺസിന്റെ നേരിയ തോൽവി വഴങ്ങിയതോടെയാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ അഡ്ഹോക് കമ്മിറ്റി കൺവീനർ കൂടിയായ ബിഹാനിയുടെ ആരോപണം.

‘‘അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷൻ ഉന്നയിച്ച ആരോപണങ്ങൾ ഞങ്ങൾ പൂർണമായും തള്ളുന്നു. ഇത്തരം പരസ്യ പ്രസ്താവനകൾ തെറ്റിദ്ധാരണാജനകമാണെന്നു മാത്രമല്ല, രാജസ്ഥാൻ റോയൽസിന്റെയും റോയൽ മൾട്ടി സ്പോർട് പ്രൈവറ്റ് ലിമിറ്റഡിന്റെയും (ആർഎംപിഎൽ) രാജസ്ഥാൻ സ്പോർട്സ് കൗൺസിലിന്റെയും ബിസിസിഐയുടെയും വിശ്വാസ്യതയെയും പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നതുമാണ്. ക്രിക്കറ്റിന്റെ തന്നെ സൽപ്പേരിനും ഇതു കളങ്കം ചാർത്തുന്നു’ – രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചു.

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായും സംസ്ഥാന സർക്കാരുമായും കഴിഞ്ഞ 18 വർഷമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു പുറമേ ബിസിസിഐ ചട്ടങ്ങൾ പ്രകാരമാണ് രാജസ്ഥാന്റെ പ്രവർത്തനമെന്നും പ്രസ്താവനയിലുണ്ട്. ബിസിസിഐയുടെ തീരുമാനപ്രകാരം ഈ സീസണിൽ ജയ്പുരിലെ ഐപിഎൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത് രാജസ്ഥാൻ സ്പോർട്സ് കൗൺസിലാണ്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലെ ഗംഗാനഗർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ബിഹാനി. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ബിഹാനിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് രാജസ്ഥാൻ മുഖ്യമന്ത്രി, കായികമന്ത്രി, കായികസെക്രട്ടറി എന്നിവർക്ക് പരാതിയും നൽകി.

English Summary:

Accused Of Fixing In 2-Run Defeat vs LSG, Rajasthan Royals Break Silence

Read Entire Article