Published: May 27 , 2025 07:23 PM IST Updated: May 28, 2025 12:07 AM IST
1 minute Read
ലക്നൗ∙ അവസാന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ആളിക്കത്തലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയക്കുതിപ്പിനെ തടഞ്ഞില്ല. ലക്നൗവിനെതിരെ ആറു വിക്കറ്റ് വിജയം നേടിയ ആർസിബി ഒന്നാം ക്വാളിഫയറിനു യോഗ്യതയുറപ്പാക്കി. സീസണിലെ ഒൻപതാം വിജയത്തോടെ 19 പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. മേയ് 29ന് നടക്കുന്ന ക്വാളിഫയറിൽ പഞ്ചാബ് കിങ്സാണ് ആര്‍സിബിയുടെ എതിരാളി. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ആർസിബി എത്തി. ഒരു സീസണിലെ എല്ലാ എവേ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമാണ് ആർസിബി.
ബെംഗളൂരുവിനായി ക്യാപ്റ്റന്‍ ജിതേഷ് ശർമയും വിരാട് കോലിയും അർധ സെഞ്ചറി നേടി. 33 പന്തുകൾ നേരിട്ട ജിതേഷ് ശര്‍മ 85 റൺസെടുത്തു പുറത്താകാതെനിന്നു. 30 പന്തിൽ വിരാട് കോലി 54 റൺസെടുത്തു. മയങ്ക് അഗർവാളും (23 പന്തിൽ 41) തിളങ്ങി.മറുപടി ബാറ്റിങ്ങിൽ ഫിൽ സോള്‍ട്ടും വിരാട് കോലിയും ചേർന്ന ഓപ്പണിങ് സഖ്യം 61 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 30 റൺസെടുത്ത് സോൾട്ട് പുറത്തായപ്പോഴും കോലി ക്രീസിൽ ഉറച്ചുനിന്നു. രജത് പാട്ടീദാറും (14), ലിയാം ലിവിങ്സ്റ്റനും (പൂജ്യം) ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. സ്കോർ 123 ൽ നിൽക്കെ കോലിയെ ആവേശ് ഖാൻ ആയുഷ് ബദോനിയുടെ കൈകളിലെത്തിച്ചു. മധ്യനിരയിൽ മയങ്ക് അഗർവാളും ക്യാപ്റ്റൻ ജിതേഷ് ശർമയും ചേർന്നതോടെ ബെംഗളൂരുവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അവസാന 12 പന്തിൽ ഏഴു റണ്‍സ് മാത്രമായിരുന്നു ബെംഗളൂരുവിനു ജയിക്കാൻ വേണ്ടിയിരുന്നത്. എട്ടു പന്തുകൾ ബാക്കി നിൽക്കെ വിജയ റൺസ് കുറിച്ച് ബെംഗളൂരു ഒന്നാം പ്ലേഓഫ് ഉറപ്പാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. 61 ബോളുകൾ നേരിട്ട ഋഷഭ് പന്ത് 118 റണ്‍സടിച്ചു പുറത്താകാതെനിന്നു. എട്ട് സിക്സുകളും 11 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 55 പന്തുകളിൽനിന്നാണ് പന്ത് സെഞ്ചറി തികച്ചത്. ലക്നൗ ഓപ്പണർ മിച്ചൽ മാർഷ് അർധ സെഞ്ചറി നേടി പുറത്തായി. 37 പന്തിൽ അഞ്ച് സിക്സുകളും നാല് ഫോറുകളും അടക്കം 67 റൺസടിച്ചാണ് മാർഷിന്റെ മടക്കം. ഓപ്പണർ മാത്യു ബ്രീറ്റ്സ്കി 14 റൺസെടുത്തു പുറത്തായെങ്കിലും മാർഷും ക്യാപ്റ്റൻ പന്തും ലക്നൗവിന്റെ രക്ഷകരാകുകയായിരുന്നു.
സ്കോർ 25 റൺസിൽ നിൽക്കെ ആദ്യ വിക്കറ്റു പോയ, ലക്നൗവിന്റെ രണ്ടാം വിക്കറ്റു വീണത് 177 ൽ ആണ്. പവർപ്ലേയിൽ വൺഡൗണായി ബാറ്റു ചെയ്യാൻ പന്ത് ഇറങ്ങിയപ്പോൾ, ആദ്യ ആറോവറുകളില്‍ പിറന്നത് 55 റൺസ്. 9.5 ഓവറിൽ ലക്നൗ 100 പിന്നിട്ടു.18–ാം ഓവറിലെ അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ ബൗണ്ടറി കടത്തിയ ഋഷഭ് ഗ്രൗണ്ടിൽ മലക്കം മറിഞ്ഞാണ് സെഞ്ചറി ആഘോഷിച്ചത്. 10 പന്തുകൾ നേരിട്ട നിക്കോളാസ് പുരാൻ 13 റൺസെടുത്തു പുറത്തായി. ആര്‍സിബിക്കായി നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെഫേർഡ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
English Summary:








English (US) ·