29 August 2025, 05:45 PM IST

പ്രാചി ടെഹ്‌ലാൻ, ലക്ഷദ്വീപിലെ കായിക താരങ്ങൾക്കൊപ്പം പ്രാചി | ഫോട്ടോ: അറേഞ്ച്ഡ്
ലക്ഷദ്വീപിലെ കവരത്തി ഫുട്‌ബോള്‍ അസോസിയേഷന്‍ ഗ്രൗണ്ടിലേക്ക് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സിനിമാ അഭിനേത്രിയും കായികതാരവുമായ പ്രാചി ടെഹ്‌ലാന്‍. അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കുള്ള പരിശീലനക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫുട്‌ബോള്‍ കിറ്റും ജേഴ്‌സിയുമടങ്ങുന്ന കായികോപരണങ്ങള്‍ വിതരണം ചെയ്യാനാണ് താരം ദ്വീപിലെത്തിയത്.
തന്റെ പേരില്‍ ആരംഭിച്ച പ്രാചി ടെഹ്‌ലാന്‍ ഫൗണ്ടേഷന്റെ കായികവികസന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. കായികം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലൂടെ യുവ പ്രതിഭകളെ വളര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാനും പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭമാണ് പ്രാചി ടെഹ്‌ലാന്‍ ഫൗണ്ടേഷന്‍ (പി.ടി.എഫ്).
''അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കുക'' എന്ന വിശാലമായ ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ഈ പ്രവര്‍ത്തനം പ്രാദേശികരായ യുവാക്കളില്‍ വലിയ പ്രതികരണം നേടിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, കൊച്ചി എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും പിടിഎഫ് സാമൂഹികവും കായികവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
മാമാങ്കം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയും മുന്‍ ദേശീയ കായികതാരവുമായ പ്രാചി ടെഹ്‌ലാന്‍ 2010-11ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബാസ്‌കറ്റ്‌ബോളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ ഡല്‍ഹിക്കാരി.
Content Highlights: Prachi Tehlan Empowers Lakshadweep Youth with Sports Equipment Donation
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·