ലക്ഷ്മിപ്രിയക്കെതിരായ പരാതി ഗൗരവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

2 weeks ago 5

നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അൻസിബ സമർപ്പിച്ച ഹർജിയിൽ അന്തിമ വിധി തിങ്കളാഴ്ച പുറപ്പെടുവിക്കും.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ പ്രതിചേർത്തിട്ടുണ്ട്.

അതേസമയം, പരാതിയിൽ കേസെടുക്കാൻ ആവശ്യമായ നിയമപരമായ വകുപ്പുകൾ ഇല്ലെന്ന വിലയിരുത്തലോടെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഹർജി തള്ളിയിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട്.

ഇതിന് പിന്നാലെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. നിരവധി തവണ പരാതി നൽകിയിട്ടും പാലാരിവട്ടം പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അൻസിബ ആരോപിച്ചിട്ടുണ്ട്. കേസിൽ ഹൈക്കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് ഇരുപക്ഷവും.

Read Entire Article